ന്യൂഡൽഹി: ഹൈക്കമാൻഡും ശശി തരൂരും തമ്മിലുള്ള ഭിന്നത മാറ്റി നേതാക്കളുടെ കൂടിക്കാഴ്ച. പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തരൂരുമായി കൂടിക്കാഴ്ചനടത്തി. സി.പി.എമ്മുമായി തരൂർ അടുക്കുന്നുവെന്ന വാർത്തകൾ വ്യാപിച്ചതിൻ്റെ പശ്ചാത്തലത്തിലാണിത്. ചർച്ച വളരെ ക്രിയാത്മകവും അനുകൂലവുമായിരുന്നെന്ന് തരൂർ പറഞ്ഞു. ”ഒരു വിഷയവുമില്ല. പറയാനുള്ളതെല്ലാം മൂന്നാളുംകൂടി രണ്ടുഭാഗത്തും നന്നായി പറഞ്ഞുകഴിഞ്ഞു. ഇനി ഒരുമിച്ച് മുന്നോട്ടുപോകും. കൂടുതൽ ഞാൻ എന്ത് പറയാനാണ്” -എന്നായിരുന്നു തരൂരിൻ്റെ പ്രതികരണം. രാഹുൽ ഗാന്ധി അപമാനിച്ചെന്നുതോന്നിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മുഖ്യമന്ത്രിസ്ഥാനാർഥിയായി പരിഗണിക്കപ്പെടാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് പുതിയ പദവിക്കായി താൻ ശ്രമിക്കുന്നില്ലെന്നും ഇപ്പോൾത്തന്നെ എം.പിയാണെന്നുമായിരുന്നു മറുപടി. തിരുവനന്തപുരത്തെ ജനങ്ങളുടെ താത്പര്യത്തിനായി പാർലമെന്റിൽ പ്രവർത്തിക്കുകയാണ് ജോലിയെന്നും കേരളത്തിൽ പാർട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളത്ത് കോൺഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് പരിപാടിയിൽ തരൂരിന്റെ പേരുപറയാതെ രാഹുൽ നീരസം പരസ്യമായി പ്രകടമാക്കിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. രാഹുലിന് എഴുതി നൽകിയ പേരുകളിൽ തരൂരിന്റേത് അബദ്ധത്തിൽ വിട്ടുപോയെന്നായിരുന്നു കോൺഗ്രസ് വിശദീകരണം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് തരൂർ അതൃപ്തി പ്രകടിപ്പിക്കുന്ന രീതിയിലാണ് പ്രതികരിക്കുകയും ചെയ്തതോടെയാണ് വിവാദമുണ്ടായത്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് ഡൽഹി ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിൽനിന്ന് തരൂർ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
