വാഷിങ്ടൺ : ശൈത്യക്കൊടുങ്കാറ്റിൽ അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ മരണം 85 ആയി ഉയർന്നതായി റിപ്പോർട്ട്. അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. ശീതക്കൊടുങ്കാറ്റിനെ തുടര്‍ന്ന് താറുമാറായ ടെക്സസ് മുതല്‍ ടെന്നസി വരെയുള്ള മേഖലയിൽ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഹൈപ്പോഥെര്‍മിയ, കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ, മഞ്ഞുപാളികളില്‍ കാറുകള്‍ തെന്നിമറിഞ്ഞുള്ള അപകടങ്ങള്‍ എന്നിവയാണ് പ്രധാനമായും മരണകാരണം.

മിസിസിപ്പിയില്‍ വ്യാഴാഴ്ച നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ കഠിനമായ ശൈത്യകാല കാലാവസ്ഥ കാരണം ഇവിടെ ആകെ മരണസംഖ്യ 14 ആയതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. വാരാ ന്ത്യത്തില്‍ അതിശൈത്യം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച വരെ അതി ശൈത്യത്തില്‍ 13 മരണങ്ങള്‍ ടെന്നസി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വ്യാപകമായ വൈദ്യുതി തടസം തുടരുന്നു. സംസ്ഥാനത്തുടനീളം ഒരു ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് വൈദ്യുതിയില്ല. ഈ ആഴ്ച്ചയില്‍ വൈദ്യുതി ബന്ധം പൂർണ്ണമായി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് നാഷ് വില്ലിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലൂയിസിയാനയില്‍ വ്യാഴാഴ്ച ശൈത്യകാല കൊടുങ്കാറ്റില്‍ ഒന്‍പതാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഹൈപ്പോഥെര്‍മിയ ബാധിച്ച് 74 വയസ്സുള്ള ഒരാള്‍ മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ടെക്സസിൽ ശൈത്യകാല കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാര്‍ മഞ്ഞുപാളിയില്‍ തെന്നി മരത്തില്‍ ഇടിച്ച് രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികള്‍ മരിച്ചതായി അധികൃതർ റിപ്പോർട്ട് ചെയ്തു. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇതുവരെ 10 പേർ മരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
