പാരീസ്: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കുന്നതില്‍ പങ്കാളിയാകലും ലൈംഗിക ഡീപ്‌ഫേക്കുകള്‍ പ്രചരിപ്പിക്കലും ഹോളോകോസ്റ്റ് നിഷേധവും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന് സമന്‍സ്. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് പാരീസ് പബ്ലിക് പ്രോസിക്യൂട്ടറാണ് സമന്‍സ് അയച്ചത്.
മസ്‌കിന് പുറമെ എക്‌സ് മുന്‍ സിഇഒ ലിന്‍ഡ യാകാരിയോയ്ക്കും സമന്‍സ് അയച്ചിട്ടുണ്ട്. പാരീസിലെ എക്‌സ് ഓഫീസുകളില്‍ ഫ്രഞ്ച് പൊലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റും യൂറോപോളും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ നടപടി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കുന്നതിലും വിതരണം ചെയ്യുന്നതിലും പ്ലാറ്റ്ഫോമിന് പങ്കുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ, അനുമതിയില്ലാതെ ലൈംഗിക ഡീപ്‌ഫേക്കുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുക, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളെ (ഹോളോകോസ്റ്റ്) നിഷേധിക്കുന്ന ഉള്ളടക്കങ്ങള്‍ അനുവദിക്കുക, നിയമവിരുദ്ധമായി ഡാറ്റ ശേഖരിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളും പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷിക്കുന്നുണ്ട്. ഫ്രഞ്ച് നിയമങ്ങള്‍ പാലിക്കുന്നതില്‍ എക്‌സ് പരാജയപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.

ഈ നടപടികള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഇലോണ്‍ മസ്‌കും എക്‌സും പ്രതികരിച്ചത്. പ്രോസിക്യൂട്ടറുടെ നടപടി കേവലം ഒരു ‘രാഷ്ട്രീയ ആക്രമണം’ മാത്രമാണെന്ന് മസ്‌ക് തന്റെ എക്‌സ് അക്കൗണ്ടിലൂടെ കുറിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ആവിഷ്‌കരിച്ച അപമാനകരമായ നടപടിയാണിതെന്ന് എക്‌സിന്റെ ഗവണ്‍മെന്റ് അഫയേഴ്സ് വിഭാഗം ആരോപിച്ചു. എക്‌സില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന യൂറോപോളിന്റെ പ്രസ്താവനയെയും കമ്പനി തള്ളിക്കളഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ട മറ്റൊരു നിര്‍ണ്ണായക നീക്കത്തില്‍, പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് തങ്ങളുടെ എക്‌സ് അക്കൗണ്ട് ഔദ്യോഗികമായി ഡിലീറ്റ് ചെയ്തു. ഇനി മുതല്‍ ആശയവിനിമയത്തിനായി ഇന്‍സ്റ്റാഗ്രാം, ലിങ്ക്ഡ് ഇന്‍ എന്നീ പ്ലാറ്റ്ഫോമുകള്‍ മാത്രമേ ഉപയോഗിക്കൂ എന്നും അവര്‍ അറിയിച്ചു. ഫ്രാന്‍സിലെ കര്‍ശനമായ ഓണ്‍ലൈന്‍ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചുവെന്ന് തെളിഞ്ഞാല്‍ എക്‌സിനും മസ്‌കിനും വലിയ തുക പിഴയായും മറ്റു നിയമനടപടികളായും നേരിടേണ്ടി വരും.
