Wednesday, February 4, 2026

ശബരിമല സ്വര്‍ണക്കൊള്ള: സോണിയ ഗാന്ധിയെ വലിച്ചിഴക്കുന്നത് ബിജെപി നേതാക്കളെ പ്രീണിപ്പിക്കാന്‍: വി.ഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സോണിയ ഗാന്ധിയെ വലിച്ചിഴക്കുന്നത് ബിജെപി നേതൃത്വത്തെ പ്രീണിപ്പിക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയത് സിപിഎം ധാരണയോടെയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ശബരിമല കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രധാന ആരോപണം. ദേവസ്വം മന്ത്രിമാരെ രക്ഷിക്കാനും ജയിലിലായ സിപിഎം നേതാക്കളെ പുറത്തെത്തിക്കാനും തെളിവില്ലാതെ കേസ് അവസാനിപ്പിക്കാന്‍ എസ്‌ഐടിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. ഈ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം സോണിയ ഗാന്ധിയുടെ പേര് അനാവശ്യമായി ഉപയോഗിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. സ്പീക്കര്‍ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും മന്ത്രിമാര്‍ സഭയെ ദുഷ്പ്രചാരണത്തിന് വേദിയാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സഭയില്‍ സ്പീക്കര്‍ മുഖ്യമന്ത്രി പറയുന്നത് കേട്ടുനില്‍ക്കുകയാണെന്നും സതീശന്‍ ആക്ഷേപിച്ചു. ഇന്ന് അഞ്ച് മന്ത്രിമാര്‍ക്കാണ് സംസാരിക്കാന്‍ അവസരം കൊടുത്തത്. അവര്‍ തന്നെ ആക്ഷേപിക്കുകയായിരുന്നു. എകെജി സെന്ററിലും ശിവന്‍കുട്ടിയുടെ വസതിയില്‍ നിന്നും നടത്തുന്ന ദുഷ്പ്രചാരണങ്ങളുടെ തുടര്‍ച്ചയാണ് സഭയിലും കണ്ടതെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിനെതിരെയാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ മുഴുവന്‍ ഹൃദയത്തിലുള്ള ശബരിമലയിലെ സ്വര്‍ണം കട്ടെടുത്തതില്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് കേസ് പതുകെ ഒതുക്കിത്തീര്‍ക്കാം എന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!