സെന്റ് ജോൺസ്: ഹരിത ഹൈഡ്രജൻ പദ്ധതികൾക്കായി നീക്കിവെച്ച ഭൂമിയുടെ വാടകയിനത്തിൽ ലഭിക്കാനുള്ള 3.45 കോടി ഡോളർ കമ്പനികളിൽ നിന്ന് ഈടാക്കുമെന്ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ. കാറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ച് ഹൈഡ്രജനും അമോണിയയും ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ട ആറ് കമ്പനികൾക്കായി സർക്കാർ ഭൂമി റിസർവ് ചെയ്തിരുന്നു. ഈ ഭൂമിയുടെ വിപണി മൂല്യത്തിന്റെ 3.5% തുക ഓരോ മൂന്ന് മാസം കൂടുമ്പോഴും ഫീസായി നൽകണമെന്നതായിരുന്നു വ്യവസ്ഥ.
എന്നാൽ, കരാർ പാലിക്കാത്തതും കുടിശ്ശിക വരുത്തിയതുമായ മൂന്ന് പ്രമുഖ കമ്പനികളുടെ ഭൂമി റിസർവേഷൻ ഇനി പുതുക്കി നൽകില്ലെന്ന് ഊർജ്ജ മന്ത്രി ലോയ്ഡ് പാരിറ്റ് വ്യക്തമാക്കി. വേൾഡ് എനർജി GH2, എവർവിൻഡ്, Toqlukuti’k Wind and Hydrogen Ltd എന്നീ കമ്പനികൾക്കെതിരെയാണ് നടപടി. ഈ കമ്പനികൾ കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കുന്നില്ലെന്നും പദ്ധതികളിൽ കാര്യമായ പുരോഗതിയില്ലെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി അറിയിച്ചു. നടപടി നേരിട്ട കമ്പനികൾ നിലവിൽ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ കുറച്ചു മാസങ്ങളായി 5.46 കോടി ഡോളറിന്റെ ഇൻവോയ്സുകളാണ് സർക്കാർ കമ്പനികൾക്ക് നൽകിയത്. എന്നാൽ ഫെബ്രുവരി വരെ 2.01 കോടി ഡോളർ മാത്രമാണ് സർക്കാരിന് ലഭിച്ചത്. ബാക്കി വരുന്ന 3.45 കോടി ഡോളർ നിയമപരമായ മാർഗങ്ങളിലൂടെ തിരിച്ചുപിടിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഹരിത ഊർജ്ജ പദ്ധതികൾക്കായി സർക്കാർ നൽകുന്ന പിന്തുണ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് പ്രവിശ്യാ ഭരണകൂടം.
