സെൻ്റ് ജോൺസ് : ശൈത്യകാല കൊടുങ്കാറ്റിനെ തുടർന്ന് കിഴക്കൻ ന്യൂഫിൻലൻഡിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. ചില പ്രദേശങ്ങളിൽ 50 സെൻ്റിമീറ്ററിലധികം മഞ്ഞുവീഴ്ച ഉണ്ടായതോടെ ഗതാഗത തടസ്സവും നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ തലസ്ഥാനമായ സെൻ്റ് ജോൺസ് ഉൾപ്പെടെ ബോണവിസ്റ്റയിലും അവലോൺ പെനിൻസുലയിലും ഓറഞ്ച് അലർട്ട് നൽകിയിരുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഏകദേശം 1,000 ഉപയോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടതായി ന്യൂഫിൻലൻഡ് പവർ അറിയിച്ചു.

കിഴക്കൻ ന്യൂഫിൻലൻഡിന്റെ മിക്ക ഭാഗങ്ങളിലും ഇന്നലെ സ്കൂളുകൾ അടച്ചിരുന്നു. സെൻ്റ് ജോൺസിൽ ബസ് സർവീസുകൾ തടസ്സപ്പെട്ടു. തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളായ പാരഡൈസിൽ 55 സെൻ്റിമീറ്ററിൽ കൂടുതൽ മഞ്ഞുവീഴ്ചയുണ്ടായി. വ്യാഴാഴ്ച രാവിലെയോടെ 60 സെൻ്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
