ബ്രസീലിയ: ബ്രിക്സ് രാജ്യങ്ങള്‍ക്കായി ഒരു പൊതു കറന്‍സി രൂപീകരിക്കാന്‍ നിലവില്‍ യാതൊരു നീക്കവുമില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സില്‍വ വ്യക്തമാക്കി. മാസങ്ങളായി അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന ഊഹാപോഹങ്ങളെ തള്ളിക്കൊണ്ടാണ് ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. അത്തരമൊരു നിര്‍ദ്ദേശം അംഗരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചയില്‍ പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പൊതു കറന്‍സി എന്ന ആശയത്തെ നിരാകരിക്കുമ്പോഴും, വ്യാപാര ഇടപാടുകളില്‍ യുഎസ് ഡോളറിനെ അമിതമായി ആശ്രയിക്കുന്നതിനെ ലൂല വിമര്‍ശിച്ചു. ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം സ്വന്തം കറന്‍സികളായ രൂപയിലും റിയലിലും നടത്തുന്നതിനെ അദ്ദേഹം ശക്തമായി പിന്തുണച്ചു. എല്ലാ വ്യാപാര കരാറുകള്‍ക്കും ഡോളര്‍ ഉപയോഗിക്കേണ്ട കാര്യമുണ്ടോ എന്ന് ഇരുരാജ്യങ്ങളും ചിന്തിക്കണമെന്നും, പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കുന്നത് രാജ്യങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഓപ്ഷനുകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോളറിന്റെ ആധിപത്യം തകര്‍ക്കാന്‍ അമേരിക്ക സമ്മതിക്കില്ലെന്ന് ബോധ്യമുണ്ടെന്നും എന്നാല്‍ ഈ നീക്കം ഡോളറിന് എതിരല്ലെന്നും ലൂല വിശദീകരിച്ചു. ലോകജനസംഖ്യയുടെ പകുതിയിലധികം ഉള്‍ക്കൊള്ളുന്ന ബ്രിക്സ്, ‘ഗ്ലോബല്‍ സൗത്തിന്റെ’ ശബ്ദമാണെന്നും ലോകം വന്‍ശക്തികളുടെ ചേരികളായി തിരിയുന്നത് ബ്രസീല്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിന് പകരം എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ വ്യാപാര ബന്ധമാണ് ബ്രസീല്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
