ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടു. ഈ മാസം ആദ്യം നടന്ന അപകടത്തില്‍ വിമാനത്തിന് വലിയ തോതിലുള്ള സാങ്കേതിക തകരാറുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന്റെ ബ്രേക്കിങ് സംവിധാനത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. പരിശീലന പറക്കലിന് ശേഷം മടങ്ങിയെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരി 7-ന് നടന്ന ഈ സംഭവത്തെക്കുറിച്ച് വ്യോമസേന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, മുന്‍കരുതല്‍ നടപടിയായി മുപ്പതോളം സിംഗിള്‍ സീറ്റ് തേജസ് വിമാനങ്ങള്‍ താല്‍ക്കാലികമായി സേവനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. വിശദമായ സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമേ ഇവ വീണ്ടും പറത്തുകയുള്ളൂ. 2024 മാര്‍ച്ചില്‍ ജയ്സല്‍മേറിലും 2025 നവംബറില്‍ ദുബായ് എയര്‍ഷോയ്ക്കിടെയും തേജസ് വിമാനങ്ങള്‍ തകര്‍ന്നു വീണിരുന്നു.

തേജസിന്റെ പരിഷ്കരിച്ച പതിപ്പായ ‘തേജസ് മാര്‍ക്ക് 1 എ’ വിമാനങ്ങളുടെ വിതരണം വൈകുന്നതിനിടെയുണ്ടായ ഈ പുതിയ അപകടം വ്യോമസേനയ്ക്ക് വലിയ തിരിച്ചടിയാണ്. വിമാനത്തിനാവശ്യമായ എന്‍ജിനുകള്‍ നല്കുന്നതില് അമേരിക്കന്‍ കമ്പനിയായ ജിഇ എയ്റോസ്പേസ് വരുത്തിയ കാലതാമസമാണ് പുതിയ വിമാനങ്ങളുടെ നിര്‍മ്മാണം വൈകാന്‍ പ്രധാന കാരണം. പ്രതിരോധ മേഖലയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച തേജസിന്റെ വിശ്വാസ്യത സംബന്ധിച്ചും ഈ അപകടങ്ങള്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.
