ന്യൂഡല്‍ഹി: വ്യവസായി അനില്‍ അംബാനിക്കെതിരെ വായ്പ തട്ടിപ്പ് ആരോപണത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ബാങ്ക് ഓഫ് ബറോഡ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ നടപടി.
അനില്‍ അംബാനിക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഏകദേശം 2200 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. വായ്പ വകമാറ്റി ചെലവഴിക്കുകയും തിരിച്ചടവ് നടത്താതിരിക്കുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ഇതിന് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമാന കുറ്റാരോപണങ്ങളില്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു. ആ കണ്‍സോര്‍ഷ്യത്തില്‍ ബാങ്ക് ഓഫ് ബറോഡ ഉള്‍പ്പെട്ടിരുന്നില്ല. ബാങ്ക് ഓഫ് ബറോഡയിലേക്ക് ലയിക്കുന്നതിന് മുമ്പ് വിജയ ബാങ്ക്യില്നിന്നാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വായ്പ എടുത്തത്.
സമാന സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് അനില്‍ അംബാനി ചോദ്യം ചെയ്യലിനായി ഹാജരായതായും റിപ്പോര്‍ട്ടുണ്ട്. മുംബൈയിലെ അദ്ദേഹത്തിന്റെ വസതി ഉള്‍പ്പെടെ ഏകദേശം 15,000 കോടി രൂപയുടെ സ്വത്തുക്കള്‍ ഇതുവരെ ഇഡി കണ്ടുകെട്ടിയതായാണ് വിവരം.
