ന്യൂയോർക്ക്: അന്തരിച്ച വിവാദ വ്യവസായ പ്രമുഖൻ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമക്കേസുകളിൽ തനിക്ക് യാതൊരു അറിവുമില്ലായിരുന്നു എന്ന് യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റൺ. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കോൺഗ്രസ് സമിതിക്ക് മുന്നിൽ ഹാജരായി സംസാരിക്കുകയായിരുന്നു അവർ. ന്യൂയോർക്കിലെ ചാപ്പക്വയിൽ ആറ് മണിക്കൂർ നീണ്ടുനിന്ന അടച്ചിട്ട മുറിയിലെ മൊഴിയെടുപ്പിന് ശേഷമാണ് ഹിലരി മാധ്യമങ്ങളോട് സംസാരിച്ചത്. എപ്സ്റ്റീനെയോ അയാളുടെ സഹായിയായിരുന്ന ഗിസ്ലെയ്ൻ മാക്സ്വെല്ലിനെയോ താൻ വ്യക്തിപരമായി സന്ദർശിച്ചിട്ടില്ലെന്നും അവരുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് താൻ അറിഞ്ഞില്ലെന്നും ഹിലരി വ്യക്തമാക്കി. എപ്സ്റ്റീനുമായി മുമ്പ് ബന്ധമുണ്ടായിരുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചോദ്യം ചെയ്യണമെന്ന് ഹിലരി ആവശ്യപ്പെട്ടു. സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരണമെന്നും അവർ കൂട്ടിച്ചേർത്തു. ഹിലരിയുടെ ഭർത്താവും മുൻ യുഎസ് പ്രസിഡന്റുമായ ബിൽ ക്ലിൻ്റൺ വെള്ളിയാഴ്ച സമിതിക്ക് മുന്നിൽ മൊഴി നൽകും. എപ്സ്റ്റീനുമായുള്ള ബന്ധം തൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും രണ്ട് പതിറ്റാണ്ട് മുൻപ് തന്നെ ആ ബന്ധം അവസാനിപ്പിച്ചതാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

സമിതിയുടെ സമൻസ് ആദ്യം നിരസിച്ച ക്ലിൻ്റൺ ദമ്പതികൾ, കോടതി അലക്ഷ്യ നടപടികൾ ഉണ്ടാകുമെന്ന സൂചനയെത്തുടർന്നാണ് മൊഴി നൽകാൻ തയ്യാറായത്. ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായിരിക്കെ 2019-ൽ ന്യൂയോർക്കിലെ ജയിലിൽ വെച്ചാണ് ജെഫ്രി എപ്സ്റ്റീൻ മരണപ്പെട്ടത്. എപ്സ്റ്റീന്റെ ഉന്നതതല ബന്ധങ്ങളെക്കുറിച്ചും പണമിടപാടുകളെക്കുറിച്ചും ഇപ്പോഴും അന്വേഷണം നടന്നുവരികയാണ്. ക്ലിൻ്റൺ ദമ്പതികളും ഡോണൾഡ് ട്രംപും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, യു.എസ് രാഷ്ട്രീയത്തിൽ ഈ വിഷയം വലിയ ചർച്ചയായി തുടരുകയാണ്
