കറാച്ചി: രാജ്യത്തെ സുരക്ഷാ പ്രതിസന്ധിക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി പാക്കിസ്ഥാന് പ്രതിരോധ മന്ത്രി ഖാജ ആസിഫ് രംഗത്ത്. അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷം യുദ്ധസമാനമായി തുടരുന്നതിനിടെയാണ് യാതൊരു തെളിവുകളുമില്ലാതെ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ‘പ്രോക്സി വാര്’ (നിഴല്‍ യുദ്ധം) ആരോപണം ഉന്നയിക്കുന്നത്. ഫ്രാന്‍സ് 24 ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഖാജ ആസിഫ് തന്റെ പതിവ് ഇന്ത്യ വിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിച്ചത്. ഡല്‍ഹിയും കാബൂളും കാബൂളിലെ തീവ്രവാദ സംഘടനകളും പാക്കിസ്ഥാനെതിരെ ഒരേ നിലപാടിലാണെന്നും ഇന്ത്യയുടെ പിന്തുണയോടെയാണ് അഫ്ഗാന് ആക്രമണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍, ഇത്രയും ഗൗരവകരമായ ആരോപണത്തിന് പിന്നില്‍ വ്യക്തമായ തെളിവുകളുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് മന്ത്രിക്ക് കഴിഞ്ഞില്ല. ഇതിന്റെ അനന്തരഫലങ്ങള്‍ തങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇന്ത്യ ഈ ആരോപണങ്ങള്‍ നിഷേധിക്കുമെന്നറിയാമെന്നും എന്നാല്‍ കാബൂളുമായി ഇന്ത്യയ്ക്കുള്ള നല്ല ബന്ധം തങ്ങള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടവുമായി നിലവില്‍ പാക്കിസ്ഥാന് നേരിട്ട് ബന്ധമില്ലെന്നും പ്രശ്നപരിഹാരത്തിനായി ചില സൗഹൃദ രാജ്യങ്ങളെ മധ്യസ്ഥതയ്ക്കായി സമീപിച്ചിട്ടുണ്ടെന്നും ഖാജ ആസിഫ് സമ്മതിച്ചു.

അതിര്‍ത്തിയിലെ സാഹചര്യം നിലവില്‍ അതീവ ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച രാത്രി അഫ്ഗാന് സൈന്യം നടത്തിയ നീക്കത്തില്‍ പാക്കിസ്ഥാന് സൈനിക പോസ്റ്റുകള്‍ പലതും താലിബാന് പിടിച്ചെടുത്തതായി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ചെ കാബൂളില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 2,611 കിലോമീറ്റര്‍ നീളമുള്ള ഡ്യൂറന്‍ഡ് ലൈന്‍ അതിര്‍ത്തിയെ ചൊല്ലിയുള്ള തര്‍ക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും വഷളാക്കിയിരിക്കുകയാണ്. തങ്ങളുടെ പരാജയങ്ങള്‍ മറച്ചുവെക്കാന്‍ പാക്കിസ്ഥാന് വീണ്ടും ഇന്ത്യയെ പഴിചാരുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
