ഓട്ടവ: ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിനുള്ള ചർച്ചകൾ കാനഡ പുനരാരംഭിക്കുന്നതായി ധനമന്ത്രി ഫ്രാൻസ്വ-ഫിലിപ്പ് ഷാംപെയ്ൻ. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന നയതന്ത്ര അസ്വാരസ്യങ്ങൾ പരിഹരിച്ച് സാമ്പത്തിക ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യം.
അമേരിക്കയെ മാത്രം ആശ്രയിക്കാതെ വ്യാപാര പങ്കാളികളെ വൈവിധ്യവത്കരിക്കാനാണ് കാർണി സർക്കാർ ശ്രമിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഭക്ഷ്യസുരക്ഷ, ഊർജ്ജം, ധാതുക്കൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നത് ഇരുരാജ്യങ്ങൾക്കും വലിയ ഗുണമുണ്ടാക്കുമെന്ന് ഷാംപെയ്ൻ ചൂണ്ടിക്കാട്ടി. മുൻപ് വിദേശ ഇടപെടൽ ആരോപണങ്ങളെത്തുടർന്ന് നിർത്തിവെച്ച ചർച്ചകളാണ് ഇപ്പോൾ വീണ്ടും സജീവമാകുന്നത്.

ഇന്ത്യ ഒരു ആഗോള സാമ്പത്തിക വൻശക്തിയായി വളരുന്നത് കണക്കിലെടുത്ത് കാനഡ ഈ ചർച്ചകളെ ഗൗരവത്തോടെയാണ് കാണുന്നത്. മറ്റ് ജി7 രാജ്യങ്ങൾ ഇന്ത്യയുമായി ബന്ധം സ്ഥാപിക്കുന്നത് കാനഡയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള ഈ പുതിയ തന്ത്രപരമായ പങ്കാളിത്തം കാനഡയുടെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
