ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടന്ന ഇസ്ലാം വിരുദ്ധ പ്രതിഷേധത്തിനിടെ മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ വസതിക്ക് പുറത്ത് സ്ഫോടക വസ്തു എറിഞ്ഞു. തീവ്രവലതുപക്ഷ ഇന്‍ഫ്‌ലുവന്‍സറായ ജെയ്ക്ക് ലാങ്ങിന്റെ നേതൃത്വത്തില്‍ ‘സ്റ്റോപ്പ് ഇസ്ലാമിക് ടേക്ക് ഓവര്‍ ഓഫ് ന്യൂയോര്‍ക്ക് സിറ്റി’ എന്ന പേരില്‍ നടന്ന പ്രകടനത്തിനിടെയാണ് സംഭവം. എറിഞ്ഞ സ്ഫോടക വസ്തു പൊലീസ് ബാരിക്കേഡില്‍ തട്ടി വീണെങ്കിലും പൊട്ടിത്തെറിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവസമയത്ത് സൊഹ്റാന്‍ മംദാനി വസതിയില്‍ ഉണ്ടായിരുന്നില്ല.
ബോള്‍ട്ടുകളും സ്‌ക്രൂകളും നിറച്ച നിലയിലായിരുന്നു സ്ഫോടക വസ്തുവെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ഇത് പ്രതിഷേധക്കാരല്ല എറിഞ്ഞതെന്നും, മറിച്ച് പ്രതിഷേധക്കാര്‍ക്ക് നേരെ മറ്റൊരാള്‍ എറിഞ്ഞതാണെന്നുമാണ് പ്രാഥമിക നിഗമനം. ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ക്കിടയില്‍ ആരോ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതോടെ പ്രകടനം അക്രമാസക്തമായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലെ ഇസ്ലാമികവല്‍ക്കരണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായാണ് ജെയ്ക്ക് ലാങ്ങിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്.

അമേരിക്കന്‍ ക്യാപിറ്റോള്‍ ആക്രമണക്കേസില്‍ പ്രതിയായി ജയിലിലായിരുന്ന ജെയ്ക്ക് ലാങ്, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക ഇളവ് ലഭിച്ചാണ് അടുത്തിടെ മോചിതനായത്. നിലവില്‍ ഫ്‌ലോറിഡയില്‍ നിന്ന് സെനറ്റിലേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ഇയാള്‍, രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഈ സംഭവം ന്യൂയോര്‍ക്കില്‍ വലിയ സുരക്ഷാ ആശങ്കകള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിതുറന്നിട്ടുണ്ട്.
