പാലാ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ വനിതാ പ്രതിനിധിയെ കളത്തിലിറക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ചർച്ചകൾ സജീവമാകുന്നു. തലപ്പലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ കോൺഗ്രസ് ജില്ലാ നേതാവുമായ അനുപമ വിശ്വനാഥനെ സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്ന ആവശ്യത്തിനാണ് പാർട്ടിയിൽ ഇപ്പോൾ മുൻതൂക്കം ലഭിക്കുന്നത്.

മണ്ഡലത്തിലെ നിർണ്ണായക ശക്തിയായ നായർ സമുദായത്തിൽ നിന്നുള്ള വ്യക്തി എന്ന നിലയിൽ, അനുപമയെ സ്ഥാനാർത്ഥിയാക്കുന്നത് വഴി സമുദായ വോട്ടുകൾ ഏകീകരിക്കാൻ സാധിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. മധ്യകേരളത്തിൽ പുതിയ വനിതാ സ്ഥാനാർത്ഥികളെ അവതരിപ്പിക്കാൻ കോൺഗ്രസിന് പരിമിതികളുള്ള സാഹചര്യത്തിൽ, പൂഞ്ഞാറിലൂടെ ആ കുറവ് നികത്താൻ കഴിയുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. പാർട്ടിക്ക് വേണ്ടി സജീവമായി നിലകൊള്ളുന്ന അനുപമയ്ക്ക് ഇത്തവണ അർഹമായ പരിഗണന നൽകണമെന്ന് ഹൈക്കമാൻഡ് പ്രതിനിധികൾക്കിടയിലുമുണ്ട്.
