റിയാദ്: മിഡിൽ ഈസ്റ്റിൽ ഇറാനും ഇസ്രായേൽ-അമേരിക്ക സഖ്യവും തമ്മിൽ നിലനിൽക്കുന്ന കടുത്ത യുദ്ധസാഹചര്യം കണക്കിലെടുത്ത് ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ഫോർമുല വൺ (F1) മത്സരങ്ങൾ റദ്ദാക്കി. ഏപ്രിൽ 12-ന് ബഹ്റൈനിലും ഏപ്രിൽ 19-ന് സൗദി അറേബ്യയിലെ ജിദ്ദയിലും നടക്കേണ്ടിയിരുന്ന ഗ്രാൻഡ്പ്രിക്സ് മത്സരങ്ങളാണ് സുരക്ഷാ കാരണങ്ങളാൽ വേണ്ടെന്നു വെച്ചത്.
ചൈനീസ് ഗ്രാൻഡ് പ്രിക്സിന് മുന്നോടിയായി ഷാങ്ഹായിൽ വെച്ച് ഫോർമുല വൺ മാനേജ്മെന്റും അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഫെഡറേഷനും (FIA) സംയുക്തമായാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇറാനെതിരെയുള്ള ആക്രമണങ്ങളും തുടർന്നുണ്ടായ പ്രതികാര നടപടികളും മേഖലയിലെ വ്യോമഗതാഗതത്തെയും സുരക്ഷയെയും ബാധിച്ചതാണ് പ്രധാന കാരണം.

നിലവിൽ ഈ മത്സരങ്ങൾക്ക് പകരമായി മറ്റ് വേദികളോ തീയതികളോ പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ ജാപ്പനീസ് ഗ്രാൻഡ് പ്രിക്സിനും മിയാമി ഗ്രാൻഡ് പ്രിക്സിനും ഇടയിൽ അഞ്ച് ആഴ്ചത്തെ ഇടവേളയുണ്ടാകും. സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇത് ബുദ്ധിമുട്ടുള്ള എന്നാൽ ശരിയായ തീരുമാനമാണ്, എന്ന് എഫ്1 സി.ഇ.ഒ സ്റ്റെഫാനോ ഡൊമെനിക്കലി പറഞ്ഞു. ടീം അംഗങ്ങളുടെയും ആരാധകരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് എഫ്.ഐ.എ പ്രസിഡന്റ് മുഹമ്മദ് ബെൻ സുലായവും വ്യക്തമാക്കി.
യുദ്ധം മൂലം മേഖലയിലെ വിമാനത്താവളങ്ങൾ അടച്ചതും ചരക്കുനീക്കം തടസ്സപ്പെട്ടതും സംഘാടകരെ നേരത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനുമുമ്പ് 2023-ൽ ഇറ്റലിയിലെ വെള്ളപ്പൊക്കത്തെത്തുടർന്നായിരുന്നു എഫ്1 റേസ് സമാനമായ രീതിയിൽ റദ്ദാക്കേണ്ടി വന്നത്.
