തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവിട്ട് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിങ് എംഎൽഎമാരും പട്ടികയിലുണ്ട്. പാർട്ടിയുടെ ഉയർന്ന സമിതിയായ പൊളിറ്റ് ബ്യൂറോയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് ഇത്തവണ മത്സരരംഗത്തുള്ളത്. നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും പട്ടികയിലുണ്ട്.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ്, ടി പി രാമകൃഷ്‌ണൻ എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ, കെ കെ ജയചന്ദ്രൻ എന്നിവരും ജനവിധി തേടും. ആകെ സ്ഥാനാർത്ഥികളിൽ ഒമ്പത് പേർ വനിതകളാണ്. ആറ് പേർ പാർട്ടി ചിഹ്നത്തിലല്ലാതെ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കും.

മണ്ഡല അടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിലും ശ്രദ്ധേയമായ തീരുമാനങ്ങളുണ്ട്. സിപഎം ഏറ്റെടുത്ത അങ്കമാലി സീറ്റിൽ മുൻ എംഎൽഎ സാജു പോളിനെയാണ് നിയോഗിച്ചിരിക്കുന്നത്. ആലുവ മണ്ഡലത്തിൽ മുൻ ആലപ്പുഴ എംപി എ എം ആരിഫാണ് സിപിഎം സ്ഥാനാർത്ഥി. വരും ദിവസങ്ങളിൽ മണ്ഡലങ്ങളിൽ സജീവമായ പ്രചാരണ പരിപാടികൾക്ക് പാർട്ടി തുടക്കം കുറിക്കും.
