ടെഹ്റാന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കടുത്ത ഭീഷണിയുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് (IRGC). ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറുല്ല ഉള്‍പ്പെടെയുള്ള നേതാക്കളുടെ കൊലപാതകത്തിന് പ്രതികാരമായി നെതന്യാഹുവിനെ ഇല്ലാതാക്കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കി. ‘ഈ ക്രിമിനല്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞങ്ങള്‍ അവനെ പിന്തുടര്‍ന്ന് വധിക്കും,’ എന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രതികരണം.
നെതന്യാഹുവിന്റെ സുരക്ഷയെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പടരുന്ന വ്യാജ പ്രചാരണങ്ങള്‍ക്കിടയിലാണ് ഇറാന്റെ ഈ പ്രഖ്യാപനം. നെതന്യാഹുവിന്റെ കൈവിരലുകളില്‍ വൈകല്യം തോന്നിക്കുന്ന രീതിയിലുള്ള എഡിറ്റ് ചെയ്ത വീഡിയോകള്‍ പ്രചരിച്ചതോടെ അദ്ദേഹം കൊല്ലപ്പെട്ടുവെന്നും പകരക്കാരനാണ് വീഡിയോയിലുള്ളതെന്നും ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വാര്‍ത്തകള്‍ പൂര്‍ണ്ണമായും നിഷേധിക്കുകയും അദ്ദേഹം സുരക്ഷിതനാണെന്ന് അറിയിക്കുകയും ചെയ്തു.

അതേസമയം, ഇറാഖിലെ ബാഗ്ദാദിലുള്ള യുഎസ് എംബസിക്ക് നേരെ ശനിയാഴ്ച പുലര്‍ച്ചെ മിസൈല്‍ ആക്രമണമുണ്ടായി. എംബസി വളപ്പിലെ ഹെലിപാഡിലാണ് മിസൈല്‍ പതിച്ചത്. കതൈബ് ഹിസ്ബുല്ലയുടെ രണ്ട് കമാന്‍ഡര്‍മാരെ വധിച്ച അമേരിക്കന്‍ നീക്കത്തിന് തിരിച്ചടിയായാണ് ഈ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.
