സോൾ: അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായി ശക്തമായ മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. ഭരണാധികാരി കിം തന്റെ കൗമാരക്കാരിയായ മകൾക്കൊപ്പം നേരിട്ടെത്തിയാണ് ‘മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ച് സിസ്റ്റത്തിന്റെ’ തത്സമയ പരീക്ഷണം നിരീക്ഷിച്ചത്. കിഴക്കൻ തീരത്ത് നടന്ന പരീക്ഷണത്തിൽ പന്ത്രണ്ടോളം അത്യാധുനിക റോക്കറ്റ് ലോഞ്ചറുകൾ പങ്കെടുത്തതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
ഏകദേശം പത്തോളം ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം സ്ഥിരീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ വിലക്കുകൾ ലംഘിച്ചുകൊണ്ടുള്ള ഈ നടപടി ഗുരുതരമായ പ്രകോപനമാണെന്ന് ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷാ സമിതി കുറ്റപ്പെടുത്തി. തങ്ങളുടെ പ്രഹരപരിധിയിലുള്ള ശത്രുസൈന്യത്തിന് ആണവായുധങ്ങളുടെ വിനാശകരമായ ശക്തിയെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകാനാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കിം പ്രസ്താവിച്ചു.

പരീക്ഷണ വേളയിൽ കിമ്മിനൊപ്പം 13 വയസ്സുകാരിയായ മകൾ കിം ജൂ എയും ഉണ്ടായിരുന്നു. 2022 മുതൽ പ്രധാന സൈനിക പരേഡുകളിലും മിസൈൽ പരീക്ഷണങ്ങളിലും പിതാവിനെ അനുഗമിക്കുന്ന ജൂ എ, കിമ്മിന്റെ പിൻഗാമിയായി വളർത്തപ്പെടുന്നു എന്ന സൂചനയാണ് അന്താരാഷ്ട്ര നിരീക്ഷകർ നൽകുന്നത്. മാർച്ച് 19 വരെ നീണ്ടുനിൽക്കുന്ന യുഎസ്-ദക്ഷിണ കൊറിയൻ ‘ഫ്രീഡം ഷീൽഡ്’ സൈനികാഭ്യാസത്തോടുള്ള കടുത്ത പ്രതികരണമായാണ് ഉത്തരകൊറിയയുടെ ഈ നീക്കം.
