കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കുള്ള ശിക്ഷ മറ്റന്നാള്‍ കോടതി വിധിക്കും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോള്‍ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ഡോ. വന്ദനയെ സന്ദീപ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2023 മേയ് 10-നായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. തനിക്ക് മനോവിഭ്രാന്തിയുണ്ടെന്ന പ്രതിയുടെ വാദം വിദഗ്ദ്ധ പരിശോധനയിലൂടെ തള്ളിയ കോടതി, കൊലപാതകം ബോധപൂര്‍വ്വമാണെന്ന് നിരീക്ഷിച്ചു. 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകള്‍ ഹാജരാക്കുകയും ചെയ്ത വിചാരണയ്ക്കൊടുവിലാണ് നിര്‍ണ്ണായക വിധി വന്നത്.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും, മകളുടെ കൊലപാതകം ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ’ കേസായി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും വന്ദനയുടെ പിതാവ് കെ.ജി. മോഹന്‍ദാസ് ആവശ്യപ്പെട്ടു. 27 തവണയാണ് സന്ദീപ് മകളെ കുത്തി പരുക്കേല്‍പ്പിച്ചതെന്നും ആരും സഹായിക്കാനുണ്ടായില്ലെന്നും അദ്ദേഹം വിതുമ്പലോടെ മാധ്യമങ്ങളോട് പറഞ്ഞു.
