പാലക്കാട്: സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാലക്കാട് ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന് അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ സുരേഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് സാധ്യത.
കഴിഞ്ഞ രണ്ട് തവണയായി മലമ്പുഴയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോണ്‍ഗ്രസ്, ഇത്തവണ സുരേഷിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ്. ഭരണവിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകാതിരിക്കാന്‍ സുരേഷ് ‘കൈപ്പത്തി’ ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ചിഹ്നമില്ലാതെ മത്സരിക്കുന്നത് വോട്ട് കുറയാന്‍ കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നും ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ലെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എമ്മുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം മറ്റ് രാഷ്ട്രീയ പാര്ട്ടികളിലേക്കില്ലെന്ന നിലപാടിലായിരുന്ന സുരേഷ്, വി.ഡി. സതീശന് നയിച്ച ‘പുതുയുഗ യാത്ര’യില്‍ പങ്കെടുത്തതിന് ശേഷമാണ് തന്റെ തീരുമാനം മാറ്റിയത്.
