ഓട്ടവ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നിലവിൽ താമസിക്കുന്ന ഔദ്യോഗിക വസതിയായ ‘റിഡോ കോട്ടേജ്’ സുരക്ഷിതമല്ലെന്നും അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമല്ലെന്നും വെളിപ്പെടുത്തുന്ന ഇൻ്റേണൽ മെമ്മോ പുറത്ത്. ഇതോടെ, വർഷങ്ങളായി തകർച്ചയുടെ വക്കിലായ 24 സസെക്സ് ഡ്രൈവ് എന്ന വസതിയുടെ ഭാവി സംബന്ധിച്ച് വരും മാസങ്ങളിൽ സർക്കാർ നിർണ്ണായക തീരുമാനമെടുത്തേക്കും. കഴിഞ്ഞ വർഷം തയ്യാറാക്കിയ ഈ ആഭ്യന്തര രേഖ പ്രകാരം, റിഡോ കോട്ടേജിന്റെ സ്ഥാനം പ്രധാനമന്ത്രിക്ക് വലിയ സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഗവർണർ ജനറലിന്റെ വസതിയും ഇതിൻ്റെ തൊട്ടടുത്താണ്. സാധാരണ ജനവാസ കേന്ദ്രങ്ങൾക്ക് തൊട്ടടുത്താണ് ഈ കെട്ടിടം. ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യോഗങ്ങൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആവശ്യമായ സ്ഥലസൗകര്യം ഇവിടെയില്ല.

2015 മുതൽ ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള പ്രധാനമന്ത്രിമാർ ഇവിടെയാണ് താമസിച്ചു വരുന്നത്. 1951 മുതൽ കാനഡ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയായിരുന്ന 24 സസെക്സ് ഡ്രൈവ് ഇപ്പോൾ പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്. പൂപ്പൽ, ആസ്ബറ്റോസ്, എലികളുടെ ശല്യം എന്നിവ കാരണം വർഷങ്ങൾക്കു മുൻപേ ഇവിടം താമസയോഗ്യമല്ലാതായി മാറിയിരുന്നു. നിലവിൽ സുരക്ഷാ കാരണങ്ങളാൽ കെട്ടിടത്തിലെ പൈപ്പുകളും വൈദ്യുത ലൈനുകളും ഉൾപ്പെടെയുള്ളവ നീക്കം ചെയ്തിരിക്കുകയാണ്. സ്വന്തം വസതി നന്നാക്കാൻ കോടിക്കണക്കിന് രൂപ നികുതിപ്പണം ചെലവാക്കുന്നു എന്ന ആക്ഷേപം രാഷ്ട്രീയത്തിൽ ഉയരുമെന്ന് ഭയന്നാണ് അധികാരത്തിലിരുന്നവർ ഈ കെട്ടിടം പുതുക്കിപ്പണിയാൻ മടിച്ചത്. ഏകദേശം 840 കോടിയിലധികം ഇതിനായി ചെലവാകുമെന്നാണ് കണക്കാക്കുന്നത്.

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നിർദ്ദേശപ്രകാരം പ്രിവി കൗൺസിൽ ഓഫീസ് (PCO) മൂന്ന് പ്രധാന സാധ്യതകളാണ് പരിശോധിക്കുന്നത്. നിലവിലുള്ള 24 സസെക്സ് ഡ്രൈവ് പൂർണ്ണമായും നവീകരിക്കുക, റോക്ക്ക്ലിഫ് പാർക്ക് പോലുള്ള സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് പുതിയ വസതി പണിയുക, റിഡോ കോട്ടേജ് തന്നെ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിച്ച് സ്ഥിരമായ വസതിയാക്കി മാറ്റുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പരിഗണിക്കുന്നത്. 24 സസക്സ് ഡ്രൈവ് കാനഡയുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും അത് സംരക്ഷിക്കണമെന്നുമാണ് പൈതൃക സംരക്ഷണ സംഘടനകൾ ആവശ്യപ്പെടുന്നു. മുൻ പ്രധാനമന്ത്രിമാരായ സ്റ്റീഫൻ ഹാർപ്പർ, ജീൻ ക്രെറ്റിയൻ എന്നിവർ ഈ വസതി നവീകരിക്കാൻ സ്വകാര്യ ഫണ്ട് ശേഖരിക്കാൻ തയ്യാറായെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ അത് നടപ്പായില്ല
