ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് ഊര്‍ജ പ്രതിസന്ധി നേരിടുന്ന ദക്ഷിണ കൊറിയയ്ക്ക് അടിയന്തര സഹായവുമായി യുഎഇ. ആകെ 2.4 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ദക്ഷിണ കൊറിയയ്ക്ക് നല്‍കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. ഖത്തറിലെ റാസ് ലഫാന്‍ (Ras Laffan) എല്‍എന്‍ജി പ്ലാന്റിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് കൊറിയയുടെ ഗ്യാസ്, ഇന്ധന വിതരണ ശൃംഖലയില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ദക്ഷിണ കൊറിയയ്ക്ക് ആവശ്യമായ ക്രൂഡ് ഓയില്‍ നല്‍കിയതിന് ശേഷമേ മറ്റു രാജ്യങ്ങള്‍ക്ക് ഇന്ധനം നല്‍കൂ എന്ന ഉറപ്പും യുഎഇ നല്‍കിയിട്ടുണ്ട്. നിലവില്‍ പുതിയ വിതരണ ശൃംഖല വഴി 1.8 കോടി ബാരല്‍ ക്രൂഡ് ഓയില്‍ കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള 60 ലക്ഷം ബാരല്‍ കൂടി എത്രയും വേഗം ലഭ്യമാക്കും. ഏത് സമയത്ത് വേണമെങ്കിലും കൊറിയയ്ക്ക് ഈ എമര്‍ജന്‍സി ക്രൂഡ് ഓയില്‍ വാങ്ങാനുള്ള സൗകര്യവും കരാറിലുണ്ട്.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മൂലം ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടതും ഖത്തറിലെ പ്ലാന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതും കൊറിയന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ യുഎഇയുടെ ഈ നിര്‍ണ്ണായക ഇടപെടല്‍ കൊറിയയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
