മസ്കറ്റ്: ഒമാനിലെ ബർകയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ഒരാളെ കാണാതായി. പാലക്കാട് തൃത്താല സ്വദേശിയായ ലുബിഷാദിന്റെ കുടുംബവും സുഹൃത്ത് യൂസഫിന്റെ കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. കാണാതായ ആൾക്കുള്ള തിരച്ചിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തുടരുകയാണ്.
ശനിയാഴ്ച രാത്രി ഒരു മണിയോടെ ബർക സൂഖിന് സമീപമുള്ള വാദിയിലായിരുന്നു അപകടം. ബർകയിലെ സുഹൃത്തിന്റെ വീട്ടിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു ലുബിഷാദും കുടുംബവും സുഹൃത്ത് യൂസഫും കുടുംബവും. വാദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്നുണ്ടായ ശക്തമായ ഒഴുക്കിൽ വാഹനം നിയന്ത്രണം വിട്ട് ഒഴുകിപ്പോവുകയായിരുന്നു.

അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും ലുബിഷാദും മക്കളും ഉൾപ്പെടെ ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടസ്ഥലത്ത് നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ നിന്നാണ് തകർന്ന നിലയിൽ വാഹനം കണ്ടെത്തിയത്. ലുബിഷാദിന്റെ ഭാര്യ ഷാമിലയുടെയും വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന ലുബിഷാദിന്റെസുഹൃത്ത് പാലക്കാട് തൃത്താല സ്വദേശി യൂസഫ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ബർക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സീബിൽ സൈക്കിൾ ഷോപ്പ് നടത്തിവരികയായിരുന്നു തൃത്താല സ്വദേശി ലുബിഷാദ്. കാണാതായ യൂസഫിന്റെ മാതാവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. തുടർ നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
