ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലിവർപൂളിന്റെ വിസ്മയ താരം മുഹമ്മദ് സലാ ക്ലബ്ബ് വിടുന്നു. 2025-26 സീസൺ അവസാനിക്കുന്നതോടെ താൻ ലിവർപൂൾ ജേഴ്സി അഴിച്ചുവെക്കുമെന്ന് താരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആൻഫീൽഡിലെ 9 വർഷം നീണ്ട സുവർണ്ണ കാലഘട്ടത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.
തന്റെ ഭാവി സംബന്ധിച്ച് ആരാധകർക്ക് വ്യക്തത നൽകാനാണ് സീസൺ അവസാനിക്കും മുൻപേ ഈ പ്രഖ്യാപനം നടത്തുന്നതെന്ന് സലാ പറഞ്ഞു. ഈ ക്ലബ്ബും ഇവിടുത്തെ ജനങ്ങളും എന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല. ലിവർപൂൾ എനിക്ക് വെറുമൊരു ക്ലബ്ബല്ല, അതൊരു വികാരമാണ്. നമ്മൾ ഒരുമിച്ച് പോരാടി, കിരീടങ്ങൾ നേടി. ഞാൻ എവിടെപ്പോയാലും നിങ്ങളിൽ ഒരാളായിരിക്കും. നിങ്ങൾ ഉള്ളതുകൊണ്ട് ‘ഞാൻ ഒരിക്കലും തനിച്ചാവില്ല – സലാ വികാരാധീനനായി പറഞ്ഞു.

2017-ൽ എഎസ് റോമയിൽ നിന്നുമാണ് സലാ ലിവർപൂളിലെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ക്ലബ്ബിന്റെ ചരിത്രപുസ്തകത്തിൽ സലാ ഇടംപിടിച്ചു.
മത്സരങ്ങൾ: 435, ഗോളുകൾ: 255, ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരം. പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരൻ. സലായുടെ കരുത്തിൽ ലിവർപൂൾ ഏകദേശം 30 വർഷത്തെ കാത്തിരിപ്പിന് ശേഷം പ്രീമിയർ ലീഗ് കിരീടവും, കൂടാതെ ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, ക്ലബ്ബ് വേൾഡ് കപ്പ് തുടങ്ങി പ്രധാനപ്പെട്ട എല്ലാ കിരീടങ്ങളും സ്വന്തമാക്കിയിരുന്നു. സലാ അടുത്തതായി സൗദി പ്രോ ലീഗിലേക്ക് ചേക്കേറുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്
