ന്യൂയോർക്ക്: കുട്ടികളിലും കൗമാരക്കാരിലും സോഷ്യൽ മീഡിയ അടിമത്തം ഉണ്ടാക്കുന്നു എന്ന പരാതിയിൽ ആഗോള ടെക് ഭീമന്മാരായ മെറ്റയ്ക്കും ഗൂഗിളിനും യുഎസ് കോടതി വൻ പിഴ ചുമത്തി. കാലിഫോർണിയ സ്വദേശിനിയായ 20 വയസ്സുകാരി നൽകിയ ഹർജിയിലാണ് ലോസ് ഏഞ്ചൽസ് കോടതിയുടെ ഈ ചരിത്രപരമായ ഉത്തരവ്.
6 മില്യൺ ഡോളർ (ഏകദേശം 50 കോടിയിലധികം ഇന്ത്യൻ രൂപ) ആണ് കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ടത്. ഇതിൽ മെറ്റ 4.2 മില്യൺ ഡോളറും ഗൂഗിൾ 1.8 മില്യൺ ഡോളറും നൽകണം. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളിൽ അടിമത്തം ഉണ്ടാക്കുന്ന രീതിയിൽ മനഃപൂർവ്വം രൂപകൽപ്പന ചെയ്തതാണെന്നും ഇത് യുവതിയുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചുവെന്നും കോടതി കണ്ടെത്തി. കുട്ടികളുടെ മനസ്സിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും ആപ്പുകളുടെ പ്രവർത്തനരീതിയിൽ മാറ്റം വരുത്താൻ കമ്പനികൾ തയ്യാറായില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

വിധിയിൽ ബഹുമാനപൂർവ്വമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായി മെറ്റയും ഗൂഗിളും അറിയിച്ചു. കൗമാരക്കാരുടെ മാനസികാരോഗ്യം സങ്കീർണ്ണമായ വിഷയമാണെന്നും അത് കേവലം ആപ്പുകളുടെ ഉപയോഗം കൊണ്ട് മാത്രം സംഭവിക്കുന്നതല്ലെന്നുമാണ് കമ്പനികളുടെ വാദം. ഈ വിധിക്കെതിരെ അപ്പീൽ നൽകാനാണ് ഇരു കമ്പനികളുടെയും തീരുമാനം. സോഷ്യൽ മീഡിയ കമ്പനികളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് ഈ വിധി തുടക്കമിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ സമാനമായ കൂടുതൽ കേസുകൾ മറ്റ് രാജ്യങ്ങളിലും ഉണ്ടായേക്കാമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
