ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമികമായി ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ കേസ് കോടതി അവസാനിപ്പിച്ചു.
2017ലെ കൊടിമര പുനഃപ്രതിഷ്ഠയ്ക്കിടെയായിരുന്നു യുഡിഎഫ് ഭരണസമിതി സംശയനിഴലിലായത്. സംഭാവനയായി ലഭിച്ച സ്വര്‍ണത്തിന്റെ കണക്കുകളിലാണ് ആശയക്കുഴപ്പം ഉയര്‍ന്നത്. കൊടിമരം സ്വര്‍ണം പൂശുന്നതിനായി 412 ഗ്രാം സ്വര്‍ണം സംഭാവനയായി ലഭിച്ചതായി കണ്ടെത്തിയിരുന്നു. ഈ സ്വര്‍ണം മുഴുവന്‍ വാചിവാഹനം, അഷ്ടദിക് പാലകരുടെ നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭാവന നല്കിയ 23 പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന നിഗമനത്തിലാണ് വിജിലന്‍സ് എത്തിയതും. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച ഹൈക്കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.

ഹൈക്കോടതി വിധിയെ യുഡിഎഫ് നേതാക്കള്‍ സ്വാഗതം ചെയ്തു. പുനഃപ്രതിഷ്ഠ കോടതി അനുമതിയോടെയായിരുന്നു നടന്നതെന്നും യുഡിഎഫ് ഭരണകാലത്ത് യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രതികരിച്ചു. അതേസമയം, ഇത് എല്‍ഡിഎഫിന്റെ സ്വര്‍ണക്കൊള്ള മറയ്ക്കാനുള്ള ശ്രമമാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ ആരോപിച്ചു.
ഇതിനിടെ സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്ഐടി വീണ്ടും സമയം തേടി. ജംഷഡ്പൂര്‍ ലാബിലെ പരിശോധനാഫലം ലഭിച്ചതിന് ശേഷമേ റിപ്പോര്‍ട്ട് സമര്പ്പിക്കാനാകൂവെന്ന നിലപാടിലാണ് സംഘം.
