തിരുവനന്തപുരം: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭയ്ക്കെതിരായ ലീഗ് നേതാവിന്റെ പരാമര്‍ശത്തില്‍ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പായി നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ വേഗത്തിലുള്ള ഇടപെടല്‍.
യു. പ്രതിഭയുടെ ശാരീരിക പ്രത്യേകതകളെയും വ്യക്തിത്വത്തെയും അധിക്ഷേപിക്കുന്ന തരത്തില്‍ ഇര്‍ഷാദ് നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇതെന്നും സ്ത്രീവിരുദ്ധമായ ഇത്തരം പരാമര്‍ശങ്ങള്‍ ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ഗൗരവമായതോടെ മുസ്ലിം ലീഗ് നേതൃത്വം ഇര്‍ഷാദിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.

ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍ കുട്ടിയെ പുതിയ യുഡിഎഫ് മണ്ഡലം ചെയര്‍മാനായി നിലവില്‍ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടന്നത് മുന്നണിക്കും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അടിയന്തര നടപടികളിലേക്ക് നേതൃത്വം നീങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന നിയമനടപടികള്‍ ഉച്ചയോടെ വ്യക്തമാകും.
