ഓട്ടവ : കാനഡയിൽ സ്ഥിരതാമസത്തിന് ഒരുങ്ങുന്നവർക്ക് തിരിച്ചടിയായി ഫെഡറൽ സർക്കാർ തീരുമാനം. എല്ലാ സ്ഥിര താമസ (PR), പൗരത്വ അപേക്ഷകൾക്കുള്ള ഫീസ് വർധിപ്പിക്കാൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) തീരുമാനിച്ചു. സ്ഥിര താമസ അപേക്ഷാ ഫീസ് വർധന ഏപ്രിൽ 30 മുതൽ പ്രാബല്യത്തിൽ വരുമ്പോൾ പൗരത്വ അപേക്ഷകളിലെ ‘റൈറ്റ് ഓഫ് സിറ്റിസൺഷിപ്പ്’ ഫീസിലുണ്ടാകുന്ന മാറ്റം മാർച്ച് 31 മുതൽ നടപ്പിൽ വരും.
എക്സ്പ്രസ് എൻട്രി, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), ഫാമിലി സ്പോൺസർഷിപ്പ്, ക്യുബെക് സ്കിൽഡ് വർക്കേഴ്സ് തുടങ്ങി എല്ലാ പ്രധാന കുടിയേറ്റ വിഭാഗങ്ങളെയും ഈ നിരക്ക് വർധന ബാധിക്കും. ഏപ്രിൽ 30 അല്ലെങ്കിൽ മാർച്ച് 31 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും പഴയ ഫീസ് അടയ്ക്കുകയും ചെയ്യുന്നവരെ ഈ ഫീസ് വർധന ബാധിക്കില്ല.

പ്രധാന അപേക്ഷകനും പങ്കാളിക്കും നൽകേണ്ടി വരുന്ന ‘റൈറ്റ് ഓഫ് പെർമനൻ്റ് റെസിഡൻസ് ഫീസ്’ 575 ഡോളറിൽ നിന്നും 600 ഡോളറായി ഉയരും. എക്സ്പ്രസ് എൻട്രി, പിഎൻപി (PNP), കെബെക്ക് സ്കിൽഡ് വർക്കേഴ്സ് തുടങ്ങിയ സാമ്പത്തിക കുടിയേറ്റ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർക്ക് 950 ഡോളറിന് പകരം ഇനി 990 ഡോളർ നൽകണം. ബിസിനസ് ക്ലാസ് അപേക്ഷകരെയാണ് ഫീസ് വർധന സാരമായി ബാധിക്കുക. ഇവരുടെ ഫീസ് 1,810 ഡോളറിൽ നിന്നും 1,895 ഡോളറായാണ് ഉയരും. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിനുള്ള ഫീസ് 85 ഡോളറിൽ നിന്നും 90 ഡോളറായും, പൗരത്വത്തിനുള്ള ‘റൈറ്റ് ഓഫ് സിറ്റിസൺഷിപ്പ്’ ഫീസ് 119.75 ഡോളറിൽ നിന്നും 123 ഡോളറായും വർധിപ്പിച്ചു. ആശ്രിതരായ കുട്ടികൾക്കുള്ള അപേക്ഷാ ഫീസിലും ആനുപാതികമായ വർധന നടപ്പിലാക്കിയിട്ടുണ്ട്.
