പാരിസ്: ഫ്രാൻസിൽ നടക്കുന്ന G7 ഉച്ചക്കോടിയിൽ മറ്റ് വിദേശ മന്ത്രിമാരുമായി ചർച്ച നടത്തി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാൻ യുദ്ധത്തിൽ പങ്ക് ചേരാൻ വിമുഖത കാണിക്കുന്ന നാറ്റോ സഖ്യ കക്ഷികളെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചതിനെത്തുടർന്നാണ് ഈ സന്ദർശനം. അമേരിക്കയുടെ തന്ത്രങ്ങളോട് മറ്റ് G7 രാജ്യങ്ങൾ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ, രാജ്യങ്ങളെ അനുനയിപ്പിക്കുക എന്ന കാര്യത്തിൽ റൂബിയോ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
നാറ്റോ രാജ്യങ്ങൾ ഇറാൻ വിഷയത്തിൽ സഹകരിക്കുന്നില്ലെന്നും അമേരിക്കയേയും ഇസ്രയേലിനേയും സഹായിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, താൻ മറ്റ് രാജ്യങ്ങളെ സന്തോഷിപ്പിക്കാനല്ല, മറിച്ച് അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് പ്രവർത്തിക്കുന്നതെന്ന് റൂബിയോ വ്യക്തമാക്കി. ഈ പ്രസ്താവനകൾ സഖ്യകക്ഷികൾക്കിടയിൽ അസ്വസ്ഥത വർധിപ്പിച്ചിട്ടുണ്ട്. ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ മുൻപത്തെ നീക്കങ്ങളും യുക്രെയ്ൻ വിഷയത്തിലെ യുഎസ് നിലപാടുകളും യൂറോപ്യൻ രാജ്യങ്ങളെ നേരത്തെ തന്നെ ആശങ്കയിലാഴ്ത്തിയിരുന്നു.

ഇറാൻ ആഗോള സമ്പദ്വ്യവസ്ഥയെ ബന്ദിയാക്കാൻ അനുവദിക്കില്ലെന്നും എന്നാൽ നയതന്ത്ര ചർച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്നും ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഇറാൻ സംഘർഷം ആഗോളതലത്തിൽ പുതിയ നയതന്ത്ര പ്രതിസന്ധികൾക്ക് വഴിതുറന്നിരിക്കുകയാണ്. വിയോജിപ്പുകൾക്കിടയിലും സഖ്യകക്ഷികളെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് അമേരിക്കൻ പ്രതിനിധികൾ.
