ഓട്ടവ: കാനഡയുടെ ഫെഡറൽ നിയമങ്ങളിലും ആരോഗ്യ നയങ്ങളിലും നിർണ്ണായകമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്നു. ഡോക്ടർമാർക്ക് പുറമെ നഴ്സ് പ്രാക്ടീഷണർമാർ, ഫാർമസിസ്റ്റുകൾ തുടങ്ങിയവർ നൽകുന്ന അത്യാവശ്യ ചികിത്സാ സേവനങ്ങളും ഇനി മുതൽ പൊതുജനാരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽ വരും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം.
പുതിയ കാനഡ ആരോഗ്യ നിയമ സേവന നയം പ്രകാരം, ഡോക്ടർമാർ മാത്രം നൽകിവന്നിരുന്ന പല സേവനങ്ങളും ഇനി മുതൽ മറ്റ് ആരോഗ്യ വിദഗ്ധർ നൽകിയാലും രോഗികൾ പണം നൽകേണ്ടതില്ല. നഴ്സ് പ്രാക്ടീഷണർമാർ, ഫാർമസിസ്റ്റുകൾ, മിഡ്‌വൈഫുകൾ എന്നിവർ നൽകുന്ന ആവശ്യമായ സേവനങ്ങൾക്ക് പ്രവിശ്യാ-പ്രാദേശിക ആരോഗ്യ പദ്ധതികൾ വഴി പരിരക്ഷ ലഭിക്കും. ഈ സേവനങ്ങൾക്ക് രോഗികളിൽ നിന്ന് നേരിട്ട് പണം ഈടാക്കുന്നത് നിയമവിരുദ്ധമാകും.

സ്വകാര്യ ക്ലിനിക്കുകൾ വഴി പണമടച്ച് ചികിത്സ തേടിയിരുന്ന 60 ലക്ഷത്തോളം കനേഡിയൻ പൗരൻമാർക്ക് ഇത് വലിയ ആശ്വാസമാകും. രോഗികളിൽ നിന്ന് പണം ഈടാക്കുന്ന പ്രവിശ്യകൾക്ക് ഫെഡറൽ ഗവൺമെന്റ് നൽകുന്ന ആരോഗ്യ ഫണ്ടിൽ നിന്ന് പിഴയായി തുക കുറയ്ക്കും. 2027 ഏപ്രിൽ മുതൽ ഇതിന്മേലുള്ള കർശനമായ നിയമനടപടികൾ ആരംഭിക്കും.
ആരോഗ്യരംഗത്തെ മാറ്റങ്ങൾക്കൊപ്പം കനേഡിയൻ പൗരൻമാർക്ക് തൊഴിലാളികളുടെ മിനിമം വേതനത്തിലും വർദ്ധനവുണ്ടാകും. ഫെഡറൽ തലത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം ഏപ്രിൽ 1 മുതൽ പുതുക്കും. ജീവിതച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഇത് വലിയ പിന്തുണയാകും. പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനുള്ള ആനുകൂല്യങ്ങൾ പുതിയ നികുതി ഇളവുകൾ, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവയിലും മാറ്റങ്ങൾ വരുന്നുണ്ട്.
എന്തുകൊണ്ട് ഈ മാറ്റം?
ഫാമിലി ഫിസിഷൻമാരുടെ കുറവ് മൂലം ചികിത്സ ലഭിക്കാൻ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകാനാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. നഴ്സ് പ്രാക്ടീഷണർമാർക്ക് പ്രാഥമിക ചികിത്സ നൽകാനുള്ള അറിവുണ്ടെങ്കിലും നിലവിൽ പല പ്രവിശ്യകളിലും ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമല്ലായിരുന്നു. ഈ വിടവ് നികത്തുന്നതിലൂടെ ആരോഗ്യമേഖല കൂടുതൽ കാര്യക്ഷമമാകുമെന്ന് കനേഡിയൻ നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി. 2026 ഏപ്രിൽ മുതൽ കാനഡയിലെ സാധാരണക്കാർക്ക് ചികിത്സാച്ചെലവ് കുറയുകയും വരുമാനത്തിൽ വർദ്ധനവുണ്ടാകുകയും ചെയ്യുന്ന പുതിയൊരു സാമ്പത്തിക-സാമൂഹിക സാഹചര്യം നിലവിൽ വരും
