ബ്രസ്സൽസ്: യൂറോപ്യൻ യൂണിയൻ കുടിയേറ്റ നയങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങൾ വൻ വിവാദത്തിൽ. ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റും പ്രത്യേക ‘ഡിപ്പോർട്ടേഷൻ ഹബുകൾ’ സ്ഥാപിച്ച് അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കാനാണ് EU ലക്ഷ്യമിടുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കർക്കശമായ കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് സമാനമായ രീതിയാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. ജൂൺ 12 മുതൽ പ്രാബല്യത്തിൽ വരുന്ന ‘പാക്ട് ഓൺ മൈഗ്രേഷൻ ആൻഡ് അസൈലം’ എന്ന പുതിയ നിയമം വഴി അതിർത്തികളിൽ കൂടുതൽ നിയന്ത്രണങ്ങൾ വരും.
ഇറ്റലിയിലെ ജോർജിയ മെലോണി സർക്കാരിൻ്റെ മാതൃക പിന്തുടർന്ന് ജർമ്മനി, ഓസ്ട്രിയ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളും സമാനമായ നീക്കത്തിലാണ്. അൽബേനിയയിൽ ഇറ്റലി ഇതിനകം തന്നെ രണ്ട് തടങ്കൽ പാളയങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, കുടിയേറ്റ ബോട്ടുകളെ തടയാനും തിരികെ അയക്കാനുമുള്ള അധികാരം സൈന്യത്തിന് നൽകാനും ആലോചനയുണ്ട്. എന്നാൽ, അഭയം തേടിയെത്തുന്നവരെ അതിർത്തികളിൽ വെച്ച് ക്രൂരമായി മർദ്ദിച്ചും മറ്റും തിരിച്ചയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി.

ബ്രിട്ടനിൽ ലേബർ പാർട്ടി സർക്കാർ അധികാരമേറ്റ ശേഷം ഏകദേശം 60,000 പേരെ നാടുകടത്തിയതായാണ് കണക്കുകൾ. ഡ്രോണുകളും തെർമൽ ക്യാമറകളും ഉപയോഗിച്ചുള്ള നിരീക്ഷണം അതിർത്തികളിൽ ശക്തമാക്കിയിട്ടുണ്ട്. 2025-ൽ മാത്രം യൂറോപ്പിൽ എൺപതിനായിരത്തിലധികം തവണ കുടിയേറ്റക്കാരെ നിയമവിരുദ്ധമായി അതിർത്തികളിൽ നിന്ന് തിരിച്ചയച്ചതായാണ് റിപ്പോർട്ടുകൾ. കുടിയേറ്റക്കാരെ വംശീയമായി വേർതിരിക്കുന്നതിനും സ്വകാര്യ വീടുകളിൽ വരെ റെയ്ഡ് നടത്തുന്നതിനും പുതിയ നിയമങ്ങൾ അധികാരം നൽകുന്നുവെന്ന് ആരോപിച്ച് എൺപതിലധികം സന്നദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
