ഇസ്‌ലാമാബാദ്: ഒരു മാസമായി തുടരുന്ന ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്കായി പാക്കിസ്ഥാനിൽ ഒത്തുകൂടി പ്രമുഖ പ്രാദേശിക ശക്തികൾ. സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇസ്‌ലാമാബാദിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് വിശദമായ ചർച്ചകൾ നടത്തി. യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നയതന്ത്ര നീക്കം.
യുഎസും ഇസ്രയേലും ഈ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കുന്നില്ലെന്നാണ് ലഭിച്ച റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതൽ സൈന്യത്തെ അയക്കുന്നതിനിടെ നടക്കുന്ന ഈ ചർച്ചകൾ വെറും കണ്ണിൽ പൊടിയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വിമർശിച്ചു. ഏതെങ്കിലും തരത്തിലുള്ള കരയുദ്ധത്തിന് മുതിർന്നാൽ യുഎസ് സൈന്യത്തെ ചുട്ടെരിക്കുമെന്നും പ്രാദേശിക സഖ്യകക്ഷികളെ ശിക്ഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ പാക്കിസ്ഥാൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയത് നേരിയ ആശ്വാസമായിട്ടുണ്ട്.

യുദ്ധം ഒരു മാസ പിന്നിടുമ്പോൾ ഏകദേശം മൂവായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും യുദ്ധത്തിൽ ഔദ്യോഗികമായി ചേർന്നതോടെ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. യുഎസ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ തള്ളിയെങ്കിലും, സ്വന്തമായ അഞ്ചിന നിർദ്ദേശങ്ങൾ ഇറാൻ തയ്യാറാക്കിയതായി റിപ്പോർട്ടുകളുണ്ട്. സമ്മർദ്ദത്തിന് വഴങ്ങിയുള്ള ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് ഇറാൻ നേതൃത്വം. അന്താരാഷ്ട്ര തലത്തിൽ സമാധാന ശ്രമങ്ങൾ തുടരുമ്പോഴും ഇരുവിഭാഗവും ആക്രമണം കടുപ്പിക്കുന്നത് ആശങ്ക വർധിപ്പിക്കുന്ന സാഹചര്യമാണ് നിലവിൽ.
