ടൊറൻ്റോ: വിവാദങ്ങൾക്ക് പിന്നാലെ സ്ഥാനമൊഴിയാൻ എയർ കാനഡ സി.ഇ.ഒ ആയ മൈക്കൽ റൂസോ. 2026 സെപ്റ്റംബറോടെ മൂന്നാം പാദത്തിൽ റൂസോ സ്ഥാനമൊഴിയുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. പുതിയ സി.ഇ.ഒ ചുമതലയേൽക്കുന്നത് വരെ റൂസോ സ്ഥാനത്ത് തുടരും. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി കമ്പനിയുടെ വിവിധ നേതൃ സ്ഥാനങ്ങളിൽ റൂസോ പ്രവർത്തിച്ചിരുന്നു. ദീർഘകാലത്തെ സേവന ത്തിനുശേഷമാണ് വിരമിക്കലെങ്കിലും, സമീപകാലത്തുണ്ടായ ചില വിവാദങ്ങൾ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലുണ്ടായ എയർ കാനഡ വിമാനാപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചതിനെത്തുടർന്ന് റൂസോ പുറത്തിറക്കിയ അനുശോചന സന്ദേശം പൂർണ്ണമായും ഇംഗ്ലീഷിലായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കാനഡയിലെ ഒരു ദ്വിഭാഷാ സ്ഥാപനത്തിന്റെ തലവനായിരുന്നിട്ടും ഫ്രഞ്ച് ഭാഷ കൈകാര്യം ചെയ്യാത്തതിനെതിരെ പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട്, പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരിൽ നിന്ന് കടുത്ത വിമർശനം ഉയർന്നു. റൂസോയുടെ രാജി വരെ ഇവർ ആവശ്യപ്പെട്ടിരുന്നു. നേരത്തെയും റൂസോ ഫ്രഞ്ച് ഭാഷാ വിവാദത്തിൽ കുടുങ്ങിയിരുന്നു.

വിവാദങ്ങൾക്കിടയിലും റൂസോയുടെ പ്രവർത്തനകാലത്തെ ബോർഡ് ചെയർമാൻ വാഗ്ൻ സോറെൻസൺ പ്രശംസിച്ചു. 2007-08 കാലഘട്ടത്തിലെ സാമ്പത്തിക പ്രതിസന്ധിയും കോവിഡ്-19 മഹാമാരിയും വിജയകരമായി മറികടക്കാൻ റൂസോയുടെ പ്രവർത്തന മികവിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. എയ്റോപ്ലാൻ ഏറ്റെടുക്കുന്നതിലും കമ്പനിയുടെ പെൻഷൻ പദ്ധതികൾ സുരക്ഷിതമാക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചു. കമ്പനിയിൽ പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ 2026 ജനുവരിയിൽ തന്നെ ആരം ഭിച്ചിരുന്നു. ഇതിനായി ഒരു പ്രത്യേക ആഭ്യന്തര പരിശീലന പരിപാടിയും ആഗോള തലത്തിൽ പുതിയ ഉദ്യോഗാർത്ഥികളെ കണ്ടെത്താനുള്ള അന്വേഷണവും നടന്നു വരികയാണ്.
