വിയന്ന: രാജ്യത്ത് വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ വിലകളില്‍ നിന്ന് പൗരന്മാര്ക്ക് ആശ്വാസം നല്‍കുന്നതിനായി നിര്‍ണ്ണായക തീരുമാനവുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്. ഇന്ധന നികുതിയില്‍ 50 ശതമാനം കുറവ് വരുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള സംഘര്‍ഷങ്ങള്‍ കാരണം ആഭ്യന്തര വിപണിയിലുണ്ടായ വിലക്കയറ്റം പ്രതിരോധിക്കാനാണ് ഈ നീക്കം. 2026 ജൂണ്‍ 30 വരെ അടുത്ത മൂന്ന് മാസത്തേക്ക് ഈ ഇളവ് തുടരുമെന്ന് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ജോലിക്ക് പോകുന്നവര്‍ക്കും കുട്ടികളെ സ്കൂളില്‍ വിടുന്ന മാതാപിതാക്കള്‍ക്കും ഈ തീരുമാനം വലിയ സാമ്പത്തിക ആശ്വാസം നല്‍കും. ഇന്ധന വിതരണത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒരു ‘ദേശീയ ഇന്ധന സുരക്ഷാ പദ്ധതി’യും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. അനിശ്ചിതമായ ആഗോള സാഹചര്യങ്ങളില്‍ സ്വന്തം ജനതയെ ചേര്‍ത്തുപിടിക്കുക എന്നതാണ് മുന്‍ഗണനയെന്ന് അല്‍ബനീസ് വ്യക്തമാക്കി.

ഇന്ധന പ്രതിസന്ധിയുടെ മറവില്‍ അമിത ലാഭം കൊയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി. വിപണി സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കനത്ത പിഴയും ശിക്ഷയും ചുമത്തും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആവശ്യമുള്ള ഇന്ധനം മാത്രം വാങ്ങണമെന്നും പരസ്പര സഹകരണത്തോടെ പ്രതിസന്ധിയെ നേരിടണമെന്നും അദ്ദേഹം ഓസ്ട്രേലിയന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
