Monday, March 30, 2026

മൊജ്തബ ഖമേനി ജീവനോടെയുണ്ടോ? ട്രംപിന്റെ സംശയത്തിന്‌ മറുപടിയുമായി ഇറാന്റെ പുതിയ സന്ദേശം

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ജീവനോടെയുണ്ടോ എന്ന അഭ്യൂഹങ്ങൾക്കിടെ, ഇറാഖി ജനതയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ രേഖാമൂലമുള്ള സന്ദേശം പുറത്തുവന്നു. യു.എസിനും ഇസ്രായേലിനും എതിരായ യുദ്ധത്തിൽ ഇറാഖ്‌ ഇറാനു നൽകുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സന്ദേശം. ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിൽ മുൻ നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മകൻ മൊജ്തബ അധികാരമേറ്റത്. അധികാരമേറ്റ ശേഷം മൊജ്തബ ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇത് അദ്ദേഹം മരിച്ചുവെന്നോ അതോ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണെന്നോ ഉള്ള സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. “മൊജ്തബ ഖമേനി ജീവനോടെയുണ്ടോ എന്ന് ഉറപ്പില്ല, അദ്ദേഹത്തെ ആരും കണ്ടിട്ടില്ല” എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സന്ദേശം പുറത്തുവരുന്നത്.

ഇറാഖിലെ പരമോന്നത ഷിയാ നേതാവ് ആയത്തുള്ള അലി സിസ്താനിക്കും ഇറാഖി ജനതയ്ക്കും ഇറാൻ മീഡിയ വഴി മൊജ്തബ നന്ദി അറിയിച്ചിട്ടുണ്ട്‌. ഇറാനു നേരെയുള്ള അധിനിവേശത്തെ എതിർത്തതിനാണ് ഈ അഭിനന്ദനം. അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മൊജ്തബയ്ക്കും പരിക്കേറ്റതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം നിലവിൽ സുരക്ഷിതനാണെന്നും പരുക്കുകളിൽ നിന്ന് മുക്തനായി വരികയാണെന്നുമാണ് ഇറാന്റെ വാദം. എന്നാൽ വീഡിയോ സന്ദേശങ്ങൾക്ക് പകരം രേഖാമൂലമുള്ള പ്രസ്താവനകൾ മാത്രം പുറത്തുവരുന്നതാണ്‌ മൊജ്‌തബ ജീവനോടെയുണ്ടോ എന്ന സംശയം കൂട്ടുന്നത്‌. ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവായാണ് മൊജ്തബ ഖമേനി ചുമതലയേറ്റത്. നിലവിൽ മേഖലയിൽ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മൊജ്തബയുടെ ഈ നീക്കം തന്ത്രപ്രധാനമായാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!