Monday, March 30, 2026

സോഷ്യൽ മീഡിയ;കാനഡയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക് വരുന്നു?

ഓട്ടവ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ കാനഡ കർശന നടപടികളിലേക്ക് നീങ്ങുന്നതായി സൂചന. ഓസ്‌ട്രേലിയയുടെ മാതൃക പിന്തുടർന്ന് 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിലക്കുന്നതിനെ ഭൂരിഭാഗം കാനഡക്കാരും പിന്തുണയ്ക്കുന്നതായി പുതിയ സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. ആംഗസ് റീഡ് (Angus Reid) നടത്തിയ സർവ്വേ പ്രകാരം, 75 ശതമാനം കാനഡക്കാരും 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പൂർണ്ണമായും നിരോധിക്കുന്നതിനെ അനുകൂലിക്കുന്നു. മാതാപിതാക്കൾക്കിടയിൽ ഇതിന് 70 ശതമാനം പിന്തുണയുണ്ട്. തെറ്റായ വിവരങ്ങൾ. മാനസികാരോഗ്യം, വെറുപ്പ് ഉളവാക്കുന്ന സന്ദേശങ്ങൾ, കുട്ടികളിലെ സോഷ്യൽ മീഡിയ അടിമത്തം എന്നിവയാണ് പ്രധാന ആശങ്കകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടിക് ടോക് (88%), എക്സ്/ട്വിറ്റർ (86%), സ്നാപ്ചാറ്റ് (84%) എന്നീ ആപ്പുകൾ കുട്ടികൾക്ക് വിലക്കണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്നാൽ യൂട്യൂബിന്റെ കാര്യത്തിൽ പകുതിയോളം പേർക്ക് മാത്രമേ ഈ അഭിപ്രായമുള്ളൂ.

വിഷയത്തിൽ തുറന്ന ചർച്ചകൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചു. കുട്ടികളുടെ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാനഡ നിലവിൽ പിന്നിലാണെന്നും അത് പരിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ജപ്പാൻ സന്ദർശനത്തിനിടെ സൂചിപ്പിച്ചു. അടുത്ത മാസം നടക്കുന്ന ലിബറൽ കൺവെൻഷനിൽ ഈ വിഷയം ചർച്ചയായേക്കും. അതേ സമയം സർക്കാർ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുമ്പോഴും, സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം മാതാപിതാക്കൾക്കാണെന്ന് 72 ശതമാനം പേർ വിശ്വസിക്കുന്നു.
2025 ഡിസംബറിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് ഓസ്‌ട്രേലിയ നിയമം കൊണ്ടുവന്നിരുന്നു. വിവിധ രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണങ്ങളിലാണ്‌. ഇത് ലംഘിക്കുന്ന കമ്പനികൾക്ക് കോടിക്കണക്കിന് രൂപ പിഴയും നിശ്ചയിച്ചിട്ടുണ്ട്. സമാനമായ ഒരു നിയമനിർമ്മാണത്തിലേക്കാണ് കാനഡയും വിരൽ ചൂണ്ടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!