തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നിയമസഭയില്‍ നേര്‍ക്കുനേര്‍ സംവാദത്തിനില്ലെന്നും, അത്തരമൊരു സംവാദം ഫേസ്ബുക്കിലൂടെ ഇതിനോടകം തന്നെ ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ വിഷയത്തില്‍ പ്രതിപക്ഷത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മ്മാണം വൈകുന്നതിനെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സ് പ്രകാരം വീട് നിര്‍മ്മാണത്തിനുള്ള അനുമതിക്കായി ഒരു അപേക്ഷ പോലും ഇതുവരെ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ നിയമവശങ്ങള്‍ പോലും അറിയാത്ത അജ്ഞനാണോ പ്രതിപക്ഷ നേതാവെന്ന് അദ്ദേഹം പരിഹസിച്ചു.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ നിന്ന് പിന്‍മാറാന്‍ കള്ളം പറയുന്നവരെ നുണയന്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ‘മരിച്ചവരെ പോക്കറ്റടിച്ചില്ലേ നിങ്ങള്‍’ എന്ന ചോദ്യമുയര്‍ത്തിയ അദ്ദേഹം, നിയമസഭയില്‍ നേര്‍ക്കുനേര്‍ സംവാദം ഒഴിവാക്കിയ പ്രതിപക്ഷത്തിന്റെ തന്ത്രം ചില്ലറയല്ലെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. സംവാദം തുടരാമെന്നും വൈകിയാണെങ്കിലും പ്രതിപക്ഷത്തിന് നല്ല ബുദ്ധി തോന്നിയല്ലോ എന്നും ലേഖനത്തില്‍ പറയുന്നു.

സ്വര്‍ണ്ണക്കടത്ത് വിഷയത്തിലും കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എസ്.പി.ജി സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയില്‍ സ്വര്‍ണ്ണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും ഒത്തുകൂടിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ വെച്ച് പ്രതിപക്ഷത്തെ നോക്കി പരിഹാസരൂപേണ പാട്ടുപാടിയതെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ കുറിച്ചു.
