ഓട്ടവ : ഓസ്ട്രേലിയയുടെ പാത പിന്തുടർന്ന് കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം കാനഡയിൽ ശക്തമാകുന്നതായി പുതിയ സർവേ റിപ്പോർട്ട്. പൂർണ്ണ നിരോധനത്തെ 75% കനേഡിയൻ പൗരന്മാരും പിന്തുണയ്ക്കുന്നതായി ആംഗസ് റീഡിന്‍റെ പുതിയ സർവേ സൂചിപ്പിക്കുന്നു. ഡീപ്ഫേക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികളെ സംരക്ഷിക്കുന്നതിനായി ഇത്തരമൊരു നിയന്ത്രണം ആവശ്യമാണെന്ന് മാതാപിതാക്കൾ പറയുന്നു. മിക്ക കനേഡിയൻ പൗരന്മാരും (61 ശതമാനം) കൗമാരക്കാർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ആംഗസ് റീഡ് സർവേ കണ്ടെത്തി.

അതേസമയം അടുത്ത മാസം നടക്കുന്ന ലിബറൽ കൺവെൻഷനിൽ സോഷ്യൽ മീഡിയ നിരോധനം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുറന്നതും പരിഗണനീയവുമായ ചർച്ചയ്ക്ക് അർഹമായ ഒരു വിഷയമാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറയുന്നു. പ്രായ നിയന്ത്രണങ്ങൾ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം സൂചന നൽകിയിട്ടുണ്ട്. നിയമം നിലവിൽ വന്നാൽ നെറ്റ്ഫ്ലിക്‌സ്, യൂട്യൂബ്, മെറ്റ, എക്‌സ് ഉൾപ്പെടെയുള്ള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾക്കും ബാധകമായിരിക്കും.

16 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരെ 10 പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് ചെയ്യുന്നതിൽ നിന്ന് വിലക്കുന്ന സുപ്രധാന നിയമം ഓസ്‌ട്രേലിയയിൽ 2025 ഡിസംബർ 10 മുതൽ പ്രാബല്യത്തിൽ വന്നു. നിയമം പാലിക്കാത്ത കമ്പനികൾക്ക് ദശലക്ഷക്കണക്കിന് പിഴ ചുമത്തുമെന്ന് ഓസ്‌ട്രേലിയ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടൻ, ഡെൻമാർക്ക്, സ്പെയിൻ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിരോധനത്തെ പിന്തുടരാൻ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
