വാഷിങ്ടണ്‍: ഇറാനുമായുള്ള നയതന്ത്ര പ്രശ്‌നപരിഹാരത്തിന് ഉടന്‍ കരാറില്‍ എത്തിയില്ലെങ്കില്‍ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കും ഖാര്‍ഗ് ദ്വീപിനും നേരെ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനുമായി ചര്‍ച്ചകളിലൂടെയുള്ള പരിഹാരമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിരുപാധികമായ വെടിനിര്‍ത്തലിന് തയ്യാറല്ലെന്നും തങ്ങള്‍ മുന്നോട്ടുവെക്കുന്ന ഉപാധികള്‍ അംഗീകരിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ തിരിച്ചടിച്ചു. ഇറാനില്‍ പ്രവേശിക്കുന്ന യുഎസ് സൈനികരെ വധിക്കുമെന്ന് ഇറാന്‍ സൈന്യവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, അമേരിക്കയുടെ യുദ്ധനീക്കങ്ങളുമായി സഹകരിക്കില്ലെന്ന് ബ്രിട്ടനും സ്‌പെയിനും നിലപാടെടുത്തു. മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജിദ്ദ കേന്ദ്രീകരിച്ചും തിരക്കിട്ട നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കുവൈത്തിലെ വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

ഇറാനിലെ വ്യാവസായിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ബോംബുകള്‍ വര്‍ഷിച്ചു. ഇറാനിലെ തങ്ങളുടെ ദൗത്യം അന്തിമഘട്ടത്തിലാണെന്ന് ഇസ്രായേല്‍ ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തില്‍ പരുക്കേറ്റ ഇസ്രയേല്‍ പൗരന്മാരുടെ എണ്ണം ആറായിരം കടന്നതായും 110 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
