ടെഹ്‌റാൻ: അമേരിക്കയുമായുള്ള സൈനിക-നയതന്ത്ര പോരാട്ടം ശക്തമായി തുടരുന്നതിനിടെ, ടെഹ്‌റാൻ തെരുവുകളിൽ ജനക്കൂട്ടത്തോടൊപ്പം ചേർന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി. ഇസ്‌ലാമിക് റിപ്പബ്ലിക് ദിനത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ഒത്തുചേരലിലാണ് മന്ത്രി അപ്രതീക്ഷിതമായി എത്തിയത്. “നിങ്ങളുടെ ആത്മാവിൽ നിന്ന് ശക്തി പ്രാപിക്കാനാണ് ഞാൻ വന്നിരിക്കുന്നത്” എന്ന് അരാഗ്ച്ചി ജനങ്ങളോട് പറഞ്ഞു. രാജ്യത്തെ ജനകീയ ഐക്യം നേരിട്ട് അനുഭവിക്കാനാണ് താൻ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ ഉന്നത സൈനിക-ഭരണനേതൃത്വത്തെ ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രയേലും ആക്രമണം തുടരുന്നതിനിടെയാണ് മന്ത്രിയുടെ ഈ പരസ്യമായ പ്രത്യക്ഷപ്പെടൽ. ഇറാൻ ഭരണകൂടത്തിന് ജനപിന്തുണ കുറയുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദങ്ങൾക്കുള്ള മറുപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

വിദേശകാര്യമന്ത്രിക്ക് പുറമെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും കഴിഞ്ഞ ദിവസങ്ങളിൽ പൊതുചടങ്ങുകളിൽ പങ്കെടുത്തിരുന്നു. മഴയെ അവഗണിച്ച് തെരുവിലിറങ്ങിയ പ്രസിഡന്റ് ജനങ്ങൾക്കൊപ്പം സെൽഫിയെടുത്തും അഭിവാദ്യം ചെയ്തും സമയം ചിലവഴിക്കുന്ന ദൃശ്യങ്ങൾ സ്റ്റേറ്റ് ടിവി പുറത്തുവിട്ടു.
മുൻ സുപ്രീം നേതാവ് ഖമേനി, അലി ലാരിജാനി തുടങ്ങിയ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ വലിയ പ്രതിസന്ധി നേരിടുമെന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങളുടെ കണക്കുകൂട്ടൽ. എന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. യുദ്ധക്കളത്തിലും സൈബർ ലോകത്തും പോരാട്ടം മുറുകുമ്പോഴും, ജനങ്ങൾക്കിടയിൽ സജീവമായി നിൽക്കുന്നതിലൂടെ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഇറാൻ നൽകുന്നത്.
