വാഷിങ്ടണ്‍: നാസയുടെ ചരിത്രപ്രധാനമായ ആര്‍ട്ടെമിസ് 2 (Artemis II) ചാന്ദ്ര ദൗത്യം നാളെ. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍നിന്ന് ബുധനാഴ്ച വൈകീട്ട് 6.24-നാണ് (ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.24) വിക്ഷേപണം.1972-ലെ അവസാന അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നാസയുടെ പദ്ധതിയിലെ സുപ്രധാന ചുവടുവെപ്പാണിത്.
നാല് ബഹിരാകാശ സഞ്ചാരികളടങ്ങുന്ന സംഘമാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. റീഡ് വൈസ്മാന് കമാന്‍ഡറായും വിക്ടര്‍ ഗ്ലോവര്‍ പൈലറ്റായും എത്തുമ്പോള്‍, മിഷന് സ്പെഷ്യലിസ്റ്റുകളായി ക്രിസ്റ്റീന കോച്ചും ജെറമി ഹാന്‍സനും ഒപ്പമുണ്ടാകും. ചന്ദ്രന്റെ പരിസരത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ചും, ചന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യ അമേരിക്കക്കാരനല്ലാത്ത വ്യക്തിയായി കനേഡിയന്‍ സ്വദേശി ജെറമി ഹാന്‍സനും ചരിത്രത്തില്‍ ഇടംപിടിക്കും. ഇതൊരു ഫ്ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികള്‍ ചന്ദ്രനില്‍ ഇറങ്ങില്ലെങ്കിലും, ഭൂമിയില്‍ നിന്ന് ഏകദേശം 4,00,171 കിലോമീറ്റര്‍ അകലേക്ക് സഞ്ചരിച്ച് ചന്ദ്രനെ വലം വെച്ച് തിരികെ വരും.

യാത്രയ്ക്കിടയില്‍ ഓറിയോണ്‍ പേടകത്തിലെ മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവ സഞ്ചാരികള്‍ പരീക്ഷിക്കും. കൂടാതെ ബഹിരാകാശ വികിരണങ്ങള്‍ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന വൈദ്യശാസ്ത്ര പഠനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്. ആകെ 11 ലക്ഷത്തിലധികം കിലോമീറ്റര്‍ സഞ്ചരിക്കുന്ന പേടകം ഏപ്രില്‍ പത്തോടെ പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി വന്നിറങ്ങും. നാസ പ്ലസ്, നാസ ടിവി, യൂട്യൂബ് ചാനലുകള്‍ വഴി വിക്ഷേപണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും.
