ഷാർജ: ഷാർജയിലെ കൽബയിലുള്ള വാദി അൽ ഹെലോയിൽ12 വയസ്സുകാരൻ മുങ്ങി മരിച്ചു. സംഭവത്തിന് പിന്നാലെ രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഷാർജ പൊലീസ്. മഴവെള്ളം കെട്ടിക്കിടക്കുന്ന വാദികളിലും കുളങ്ങളിലും കുട്ടികളെ ഇറക്കുന്നത് ജീവന് ഭീഷണിയാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് കുട്ടി വെള്ളത്തിൽ വീണ വിവരം പോലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി കുട്ടിയെ കരയ്ക്കെത്തിച്ച് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വാദികളിലെയും മഴവെള്ളക്കുളങ്ങളിലെയും ആഴം കൃത്യമായി മനസ്സിലാക്കാൻ കഴിയില്ല. ഇത് പെട്ടെന്നുള്ള അപകടങ്ങൾക്ക് കാരണമാകും.

ചെളിയും വഴുക്കലുമുള്ള വശങ്ങൾ ആയതിനാൽ വെള്ളത്തിൽ വീണാൽ പെട്ടെന്ന് കയറി വരാൻ പ്രയാസമായിരിക്കും. കുട്ടികൾ എവിടെയാണെന്നും എന്ത് ചെയ്യുകയാണെന്നും മാതാപിതാക്കൾ എപ്പോഴും ശ്രദ്ധിക്കണം. അപകടകരമായ സ്ഥലങ്ങളിലേക്ക് അവർ പോകുന്നത് തടയണം. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും അല്ലാത്ത സാഹചര്യങ്ങളിൽ 901 എന്ന നമ്പറിലും പോലീസിനെ വിവരം അറിയിക്കാം.
