ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്ഥാനെതിരെ കടലിലൂടെ ശക്തമായ ആക്രമണം നടത്താൻ ഇന്ത്യൻ നാവികസേന പൂർണ്ണ സജ്ജമായിരുന്നുവെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി. ആക്രമണം തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് സൈനിക നടപടി നിർത്താൻ പാകിസ്ഥാൻ അഭ്യർത്ഥിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് നാവികസേന അതീവ ജാഗ്രതയിലും ആക്രമണോത്സുകമായ നിലപാടിലുമായിരുന്നു. ഇന്ത്യൻ സേനയുടെ കരുത്തിന് മുന്നിൽ പാക് നാവികസേനയ്ക്ക് അവരുടെ തുറമുഖങ്ങളിൽ തന്നെ ഒതുങ്ങിക്കൂടേണ്ടി വന്നുവെന്ന് അഡ്മിറൽ ത്രിപാഠി പറഞ്ഞു.

പശ്ചിമ സമുദ്രതീരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 17 മണിക്കൂർ നീണ്ട സന്ദർശനവേളയിൽ നാവികസേനയുടെ പ്രഹരശേഷി തെളിയിക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 മെയ് മാസത്തിൽ ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. മെയ് 7-ന് തുടങ്ങിയ സൈനിക നടപടിയിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടിരുന്നു. തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനൊടുവിൽ മെയ് 10-നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ നാവികസേനയുടെ ഈ കൃത്യമായ ഇടപെടൽ രാജ്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചുവെന്നും അഡ്മിറൽ ത്രിപാഠി വ്യക്തമാക്കി
