എഡ്മിന്റൻ: ലൈബ്രറികളിൽ കുട്ടികൾക്കും കൗമാരക്കാർക്കും ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ പുസ്തകങ്ങൾ ലഭ്യമാകുന്നത് തടയാൻ പുതിയ നിയമനിർമ്മാണവുമായി ആൽബർട്ട സർക്കാർ. പ്രായപൂർത്തിയാകാത്തവർ ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പൽ അഫയേഴ്സ് മന്ത്രി ഡാൻ വില്യംസ് ബില്ല് അവതരിപ്പിച്ചത്. ലൈബ്രറികളിൽ പുസ്തകങ്ങൾ നിരോധിക്കില്ലെന്ന് ഉറപ്പുനൽകുന്നതാണ് ഈ നീക്കമെന്ന് സർക്കാർ വ്യക്തമാക്കി.
15 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾ ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ പുസ്തകങ്ങൾ കൈകാര്യം ചെയ്യുന്നത് തടയാനുള്ള നടപടികളാണ് ബില്ലിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഉള്ളടക്കങ്ങൾ ലൈബ്രറി ജീവനക്കാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ സൂക്ഷിക്കുകയോ, അല്ലെങ്കിൽ കുട്ടികൾക്ക് പ്രവേശനമില്ലാത്ത പ്രത്യേക ഇടങ്ങളിലേക്ക് മാറ്റുകയോ ചെയ്യാനാണ് ആലോചന. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പൊതുവിടങ്ങൾ എന്ന നിലയിൽ ലൈബ്രറികളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രവിശ്യ സർക്കാർ അറിയിച്ചു.

കുട്ടികളുടെ സംരക്ഷണം മുൻനിർത്തി ഡാനിയേൽ സ്മിത്ത് സർക്കാർ നടപ്പിലാക്കുന്ന വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമാണിത്. നേരത്തെ സ്‌കൂൾ ലൈബ്രറികളിൽ നിന്ന് ലൈംഗിക ഉള്ളടക്കമുള്ള ഗ്രാഫിക് പുസ്തകങ്ങൾ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതു ലൈബ്രറികളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് കുട്ടികൾക്ക് സുരക്ഷിതമായ വായനാന്തരീക്ഷം ഒരുക്കുമെന്ന് അധികൃതർ കരുതുന്നു.
