ദുബായ്: യുഎഇയിലെ സ്കൂളുകളിൽ 2026 ജൂൺ മാസത്തിൽ നടക്കേണ്ട കേംബ്രിഡ്ജ് ഇന്റർനാഷണൽ പരീക്ഷകൾ റദ്ദാക്കിയതായി കേംബ്രിഡ്ജ് ഇൻ്റർനാഷണൽ എഡ്യൂക്കേഷൻ അറിയിച്ചു. പരമ്പരാഗത രീതിയിലുള്ള എഴുത്തുപരീക്ഷകൾക്ക് പകരം വിദ്യാർത്ഥികൾ സമർപ്പിക്കുന്ന പഠനരേഖകൾ (Portfolio of Evidence) വിലയിരുത്തിയാകും ഇത്തവണ ഫലം നിശ്ചയിക്കുക. യുഎഇ വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ഈ സുപ്രധാന തീരുമാനമെന്ന് വ്യാഴാഴ്ച സ്കൂളുകൾക്ക് ലഭിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. കേംബ്രിഡ്ജ് ഐജിസിഎസ്ഇ (IGCSE), O ലെവൽ, ഇന്റർനാഷണൽ എഎസ് ആൻഡ് എ ലെവൽ, ഐപിക്യു (IPQ) എന്നീ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ഈ മാറ്റം ബാധിക്കുക.

പുതിയ ക്രമീകരണമനുസരിച്ച് വിദ്യാർത്ഥികൾ പരീക്ഷാ എഴുതുന്നതിന് പകരം തങ്ങൾ ചെയ്ത പ്രവൃത്തികളുടെ പോർട്ട്ഫോളിയോകൾ കേംബ്രിഡ്ജിന് സമർപ്പിക്കണം. ഇവ പരിശോധിച്ച് കേംബ്രിഡ്ജ് നേരിട്ടാകും ഗ്രേഡുകൾ നൽകുക. ബ്രിട്ടീഷ് പാഠ്യപദ്ധതി പിന്തുടരുന്ന യുഎഇയിലെ 120-ലധികം സ്കൂളുകൾ കേംബ്രിഡ്ജ് ഇൻ്റർനാഷണൽ എഡ്യൂക്കേഷൻ്റെ (CAIE) ഭാഗമായാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷയും പഠനമുന്നേറ്റവും ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതെന്ന് കസ്റ്റമർ സപ്പോർട്ട് ഡയറക്ടർ മരിയൻ ടക്കർ പറഞ്ഞു.
