ഫ്രെഡറിക്ടൺ : വാഹന രജിസ്ട്രേഷനിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ന്യൂബ്രൺസ്വിക് സർക്കാർ. പുതിയ വാഹനങ്ങൾക്ക് ഇനി മുതൽ ലൈസൻസ് പ്ലേറ്റ് രജിസ്ട്രേഷൻ സ്റ്റിക്കറുകൾ ആവശ്യമില്ല. എന്നാൽ, വാഹന രജിസ്ട്രേഷൻ വർഷം തോറും പുതുക്കണം. മോട്ടോർ വാഹന നിയമത്തിലും അനുബന്ധ ചട്ടങ്ങളിലും ബുധനാഴ്ച പ്രാബല്യത്തിൽ വന്ന നിയമനിർമ്മാണത്തിലെ മാറ്റങ്ങളിലൂടെയാണ് ലൈസൻസ് പ്ലേറ്റ് രജിസ്ട്രേഷൻ സ്റ്റിക്കറുകൾ ഒഴിവാക്കുന്നതെന്ന് പ്രവിശ്യാ തദ്ദേശ സ്വയംഭരണ മന്ത്രി ആരോൺ കെന്നഡി അറിയിച്ചു.

പുതിയ സാങ്കേതികവിദ്യയിലൂടെ നിയമപാലകർക്ക് വാഹനങ്ങളുടെ രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാം. ഇത്തരം സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലൂടെ വാഹനപരിശോധന കൂടുതൽ സൗകര്യപ്രദവും എളുപ്പവുമാവുകയും ചെലവ് കുറയുമെന്നും മന്ത്രി പറഞ്ഞു. വാഹന ഉടമകൾക്ക് ഓൺലൈനായോ, സർവീസ് ന്യൂബ്രൺസ്വിക് സെന്ററിൽ നേരിട്ടെതിയോ അല്ലെങ്കിൽ 1-888-762-8600 എന്ന നമ്പറിൽ വിളിച്ചോ അവരുടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാമെന്ന് മന്ത്രി ആരോൺ കെന്നഡി അറിയിച്ചു.
