കാൽഗറി: ബെയർസ്പോ സൗത്ത് ഫീഡർ മെയിൻ പൈപ്പിലെ അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്ന് കാൽഗറി നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന ജലനിയന്ത്രണങ്ങൾ ഔദ്യോഗികമായി പിൻവലിച്ചതായി സിറ്റി അറിയിച്ചു. പൈപ്പിന്‍റെ വാൽവുകൾ തുറക്കുകയും ഗുണനിലവാര പരിശോധനയിൽ വെള്ളം സുരക്ഷിതമാണെന്ന് തെളിഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.കോൺക്രീറ്റ് ജോലികൾ, കുഴികൾ നികത്തൽ, റോഡ് ടാറിങ് എന്നിവ പൂർത്തിയാക്കിയ ശേഷമാണ് പൈപ്പ് ലൈൻ വീണ്ടും പ്രവർത്തനസജ്ജമാക്കിയത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് നഗരത്തിൽ ജലനിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്. നിലവിൽ നിയന്ത്രണങ്ങൾ നീക്കിയതോടെ നഗരത്തിലെ വിനോദ കേന്ദ്രങ്ങളും നീന്തൽക്കുളങ്ങളും സാധാരണ നിലയിലേക്ക് മടങ്ങും.ഹോട്ട് ടബ്ബുകളിലും കുട്ടികളുടെ പൂളുകളിലും വെള്ളം നിറച്ചു തുടങ്ങിയിട്ടുണ്ടെന്നും സുരക്ഷാ പരിശോധനകൾക്ക് ശേഷം ഇവ ഉടൻ തുറന്നുകൊടുക്കുമെന്നും അധികൃതർ അറിയിച്ചു. മാസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഇതോടെ പരിഹാരമായിരിക്കുകയാണ്.
