വൻകൂവർ: യു.എസിലെ ടെക്സസിൽ ഇമിഗ്രേഷൻ വിഭാഗം (ICE) തടഞ്ഞുവെച്ചിരുന്ന കാനഡ സ്വദേശികളായ ടാനിയ വാർണറും ഏഴുവയസ്സുകാരിയായ മകൾ ഐലയും മോചിതരായി. ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടൺ-സമ്മർലാൻഡ് എം.എൽ.എ അമിലിയ ബൗൾ ട്ട്ബീയാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ മാർച്ച് 14-ന് ഒരു ബേബി ഷവർ ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ ടെക്സസിലെ അതിർത്തി പരിശോ ധനയിലാണ് ടാനിയയെയും മകളെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഗ്രീൻ കാർഡിനായുള്ള അപേക്ഷ നടപടികൾ പൂർത്തിയാക്കി വരികയായിരുന്നു ഇവർ. വ്യാഴാഴ്ചയാണ് ഇവരെ തടങ്കലിൽ നിന്ന് വിട്ടയച്ചത്. 9,500 യുഎസ് ഡോളർ ബോണ്ട് തുകയായി കെട്ടിവെച്ചതിനെ തുടർന്നാണ് കോടതി മോചനത്തിന് ഉത്തരവിട്ടത്. ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് ബോണ്ട് ഹിയറിംഗ് നടപടികൾ വേഗത്തിലായതെന്ന് അമിലിയ ബൗൾട്ട്ബീ പറഞ്ഞു. കുടുംബത്തെ സഹായിക്കാൻ മുന്നോട്ടുവന്ന എല്ലാവർക്കും അവർ നന്ദി അറിയിച്ചു.

ടാനിയയുടെ ഇമിഗ്രേഷൻ രേഖകളെല്ലാം കൃത്യമായിരുന്നുവെന്നും നിയമപരമായ നടപടികൾ പാലിച്ചിരുന്നുവെന്നുമാണ് ഭർത്താവ് എഡ്വേർഡ് വാർണർ വ്യക്തമാക്കി. മക്അലനിലെ പ്രോസസ്സിംഗ് സെന്ററിലായിരുന്നു ഇവരെ ആദ്യം പാർപ്പിച്ചിരുന്നത്. നിലവിൽ ടാനിയയും മകളും സുരക്ഷിതരാണെന്നും ഉടൻ തന്നെ കാനഡയിലേക്ക് മടങ്ങുമെന്നും ബന്ധുക്കൾ അറിയിച്ചു.
