ഓട്ടവ: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്നിന് 5.1 കോടി ഡോളറിന്റെ സഹായം കൂടി പ്രഖ്യാപിച്ച് കാനഡ. ഭക്ഷണവും താമസസൗകര്യവും ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾക്കും യുദ്ധമുഖത്തുനിന്നും മടങ്ങിയെത്തിയ സൈനികരുടെ പുനരധിവാസത്തിനുമായാണ് പ്രധാനമായും ഈ തുക വിനിയോഗിക്കുക. 2025-ലെ ബജറ്റിൽ വിഭാവനം ചെയ്ത വിപുലമായ ഫണ്ടിൽ നിന്നാണ് പുതിയ സഹായം അനുവദിച്ചിരിക്കുന്നത്. ഇതിൽ 3.2 കോടി ഡോളർ റെഡ് ക്രോസ്, ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി, വേൾഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ രാജ്യാന്തര സംഘടനകൾ വഴി മാനുഷിക പ്രവർത്തനങ്ങൾക്കായി നൽകും.
യുദ്ധം കഴിഞ്ഞ് മടങ്ങിയെത്തുന്ന സൈനികരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതികൾക്കായി 50 ലക്ഷം ഡോളർ മാറ്റിവെക്കും. അഫ്ഗാനിസ്ഥാൻ സംഘർഷത്തിന് ശേഷം സൈനികരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അവർക്ക് അനുയോജ്യമായ ജോലികൾ കണ്ടെത്തുന്നതിനും കാനഡ നടപ്പിലാക്കിയ മാതൃകകൾ യുക്രെയ്നുമായി പങ്കുവെക്കുമെന്ന് രാജ്യാന്തര വികസനകാര്യ സെക്രട്ടറി രൺദീപ് സരായ് അറിയിച്ചു. സംഘർഷം അവസാനിക്കുന്നതുവരെ കാത്തിരിക്കാതെ സൈനികരുടെ പുനരധിവാസം നേരത്തെ തന്നെ ആരംഭിക്കാനുള്ള യുക്രെയ്നിന്റെ നീക്കത്തെ അദ്ദേഹം പ്രശംസിച്ചു.

ഭാവിയിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനും വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനുമായി 60 ലക്ഷം ഡോളർ സഹായം നൽകും. യുദ്ധം തകർത്ത സാഹചര്യത്തിൽ പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതും വിദേശ രാജ്യങ്ങളിൽ കഴിയുന്ന യുക്രെയ്ൻ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതും വലിയ വെല്ലുവിളിയാണെന്ന് സരായ് ചൂണ്ടിക്കാട്ടി. കൂടാതെ, യുക്രെയ്നിന് യൂറോപ്യൻ യൂണിയനിൽ അംഗത്വം ലഭിക്കുന്നതിന് ആവശ്യമായ സാങ്കേതിക മാനദണ്ഡങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നതിനായി UN Women എന്ന സംഘടനയ്ക്ക് 50 ലക്ഷം ഡോളർ നൽകാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ വാരത്തിൽ പോളണ്ടും യുക്രെയ്നും സന്ദർശിച്ച രൺദീപ് സരായ് യുക്രെയ്ൻ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തിലും ജനങ്ങൾ കാട്ടുന്ന ധീരതയും അതിജീവനവും നേരിൽ കണ്ടത് വലിയൊരു അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. 2022-ൽ റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ ഇതുവരെ ഏകദേശം 2,600 കോടി ഡോളറിന്റെ സഹായമാണ് കാനഡ യുക്രെയ്നിന് കൈമാറിയിട്ടുള്ളത്.
