Sunday, April 5, 2026

‘ലോകശ്രദ്ധ ഇറാനിലേക്ക് , യുക്രെയ്‌നിനുള്ള സൈനിക പിന്തുണയിൽ ആശങ്ക’; സെലൻസ്‌കി

ഇസ്താംബുൾ: ഇറാനിൽ തുടരുന്ന യുഎസ്-ഇസ്രയേൽ യുദ്ധം യുക്രെയ്‌നിനുള്ള സൈനിക സഹായത്തെയും ആഗോള പിന്തുണയെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കി. യുഎസിന്റെ ആഗോള മുൻഗണനകൾ മാറുന്നത് റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രെയ്‌നിന് ആവശ്യമായ പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകളുടെ ലഭ്യത കുറയ്ക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ ലോകശ്രദ്ധ യുക്രെയ്‌നിൽ നിന്നകന്നതായും ദീർഘകാലം നീണ്ടുനിൽക്കുന്ന ഇറാൻ യുദ്ധം തങ്ങൾക്കുള്ള സഹായ പാക്കേജുകൾ ഓരോ ദിവസവും പരിമിതപ്പെടുത്തുമെന്നും ഇസ്താംബൂളിൽ അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇറാൻ യുദ്ധം ആറാം വാരത്തിലേക്ക് കടന്നതോടെ മിഡിൽ ഈസ്റ്റ് മേഖലയിലുണ്ടായ അശാന്തി ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് എണ്ണവില കുതിച്ചുയർന്നത് റഷ്യയ്ക്ക് സാമ്പത്തികമായി വലിയ ഗുണമാകുന്നുവെന്ന് സെലൻസ്‌കി ചൂണ്ടിക്കാട്ടി. എണ്ണവരുമാനം വർദ്ധിക്കുന്നത് യുക്രെയ്‌നിലെ യുദ്ധം തുടരാൻ റഷ്യയെ സഹായിക്കുന്നു. കൂടാതെ, ആഗോള ഇന്ധനക്ഷാമം ലഘൂകരിക്കാൻ റഷ്യൻ എണ്ണയ്ക്ക് മേലുള്ള ചില ഉപരോധങ്ങളിൽ അമേരിക്ക താൽക്കാലിക ഇളവ് വരുത്തിയത് ക്രെംലിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ കാരണമായതായും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ സഹായം കുറയുന്നത് യുക്രേനിയൻ നഗരങ്ങളെ റഷ്യൻ ബാലസ്റ്റിക് മിസൈലുകൾക്ക് മുന്നിൽ കൂടുതൽ ദുർബലമാക്കും. ഇതിന് തിരിച്ചടിയായി റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കുക എന്ന ലക്ഷ്യത്തോടെ അവിടുത്തെ എണ്ണ ശുദ്ധീകരണ ശാലകൾക്കും പൈപ്പ് ലൈനുകൾക്കും നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. നഗരപ്രദേശങ്ങളിൽ റഷ്യ നടത്തുന്ന കനത്ത ഷെല്ലാക്രമണങ്ങളിൽ ആയിരക്കണക്കിന് സിവിലിയന്മാരാണ് ഇതിനോടകം കൊല്ലപ്പെട്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!